Wednesday, November 30, 2022

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം


തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയുംപ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായിഒാര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്. 

(പരിശുദ്ധ ഖുര്‍ആന്‍)


ആമുഖം

സര്‍വ്വസ്തുതിയും ജഗനിയന്താവും പരിപാലകനുമായഅല്ലാഹുവിന്ന്, അവനെ വാഴ്ത്തുകയും, അവനോട് മാത്രം സഹായം തേടുകയും ചെയ്യുന്നു. അവനോട് മാത്രം പശ്ചാത്തപിക്കുകയും എല്ലാ വിധ മാനസിക ദൂഷ്യങ്ങളില്‍ നിന്നും അവനോട് രക്ഷതേടുകയും ചെയ്യുന്നു. അവന്‍ സാര്‍ഗ്ഗത്തിലാക്കിയവരെ പിഴപ്പിക്കാനാര്‍ക്കും സാധ്യമല്ല അവന്‍ പിഴവിലാക്കിയവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കാനും ആരുമില്ല.

അല്ലാഹു അവനല്ലാതെ ആരാധനക്കര്‍ഹനായി ആരുമില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്‍െറ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും അവന്‍െറ കരുണാ കടാക്ഷങ്ങള്‍ ചൊരിഞ്ഞ് അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍).

നബിചരിത്രം സരളമായി പ്രതിപാദിക്കുന്ന ഒരു ലഘു കൃതിയാണ്. സര്‍വ്വാംഗീകൃതമായ ചരിത്ര ഗ്രന്ഥങ്ങളാണ് ഇതിന്‍െറ രചനക്കായിഅവലംബിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രവാചകപത്നിമാര്‍,നബി(സ)യുടെ സന്താനങ്ങള്‍, സ്വര്‍ഗ്ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ടപത്ത് പേരുടെ ചെറുവിവരണം എന്നിവക്ക് പുറമെ നബി(സ)യോട് നമുക്കുള്ള കടപ്പാടുകള്‍ എന്നിവയും ഹ്രസ്വമെങ്കിലും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നവാഗതരായ മുസ്ലിം സഹോദരങ്ങള്‍ക്ക് പ്രവാചകചരിത്രം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഒരു കൃതിയുടെകുറവ് ജാലിയാത്തുകളില്‍ നിന്നും പുറത്തിറക്കപ്പെട്ട പുസ്തകങ്ങള്‍ക്കിടയില്‍ അനുഭവപ്പെട്ടതാണ് ഇങ്ങിനെ ഒരുചരിത്ര രചനക്ക് എന്നെ പ്രേരിപ്പിച്ചത്. അല്ലാഹുവിന്‍െറ അനുഗ്രഹത്താല്‍ അത് ഏറെക്കുറെ പൂര്‍ത്തിയാക്കി വായനക്കാരായ നിങ്ങളുടെ കരങ്ങളിലേക്ക് ഏല്‍പ്പിക്കുകയാണ്. തികച്ചും കുറ്റമറ്റതാണ് എന്ന് അവകാശപ്പെടുന്നില്ല. വിലയിരുത്തേണ്ടത് നിങ്ങളാണ്.തെറ്റുകള്‍ മനുഷ്യസഹജമാണല്ലൊ കാണുന്നവര്‍ ഗുണകാംക്ഷാ മനസ്സോടെ ചൂണ്ടിക്കാണിക്കണമെന്ന് ഉണര്‍ത്തുന്നു.

ശൈഖ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്(റ) യുടെ മുഖ്തസ്വറു സീറത്തുര്‍റസൂല്‍, സീറതു ഇബ്നു ഹിഷാം,സ്വഫിയ്യുര്‍ റഹ്മാന്‍ മുബാറക്പൂരിയുടെ റഹീഖുല്‍ മഖ്തൂം. മുഹമ്മദ് അബൂശഹ്ബയുടെ സീറത്തുന്നബവിയ്യഎന്നീ പ്രസിദ്ധ ചരിത്രഗ്രന്ഥങ്ങളാണ് പ്രധാനമായും ഇതിന് അവലംബമാക്കിയിട്ടുള്ളത്.

പ്രവാചകന്‍ (സ) യെ സ്നേഹിക്കുകയും അദ്ദേഹത്തിന്‍െറ ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാന്‍ഇൗ കൃതി പ്രചോദനമായിത്തീരട്ടെ എന്ന് ആശിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 അല്ലാഹുവേ, ഇതൊരു സല്‍കര്‍മ്മമായി ഞങ്ങളില്‍ നിന്ന് സ്വീകരിക്കേണമേ. ഇതില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും മതിയായ പ്രതിഫലം നല്‍കുകയും ചെയ്യേണമേ (ആമീന്‍).

അബ്ദുല്‍ലത്തീഫ് സുല്ലമി മാറഞ്ചേരി


Tuesday, November 29, 2022

കുടുംബവും പിതാമഹന്‍മാരും

 കുടുംബവും പിതാമഹന്‍മാരും

സുഉദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയില്‍ പെട്ടമക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകന്‍(സ)യുടെ കുടുംബ പാരമ്പര്യം.

അദ്ദേഹത്തിന്‍െറ പ്രപിതാക്കള്‍ താഴെ പറയുംപ്രകാരമാണെന്നാണ്ചരിത്രകാരന്‍മാര്‍രേഖപ്പെടുത്തുന്നത്. അബ്ദുല്ല, അബ്ദുല്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്,ഫിഹ്റ്, മാലിക്, നുള്വറ്, കിനാന, ഖുസൈമ, മുദ്രിക,ഇല്‍യാസ്, മുള്വറ്, നിസാര്‍, മുഅദ്ദ്, അദ്നാന്‍ . 

ഇത്രയുംപറയപ്പെട്ട പരമ്പര ഇമാം ബുഖാരി തന്‍െറ സ്വഹീഹില്‍രേഖപ്പെടുത്തിയതാണ്. (ഫത്ഹുല്‍ ബാരി )

അദ്നാന്‍ ഇബ്റാഹീം(അ)യുടെ മകന്‍ ഇസ്മാഇൗല്‍ (അ) യുടെ സന്തതികളില്‍ പെട്ട വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരാരാല്‍ ഏകാഭിപ്രായമുള്ളതാണ്. എന്നാല്‍ ആദം(അ) വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാതാവ് ഖുറൈശിയില്‍ പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പ്രകാരം പിതാവിൻ്റെ പരമ്പരയില്‍ തന്നെ ചെന്നെത്തുന്നതാണിത് 

ആമിന അവരുടെ പിതൃ പരമ്പര വഹബ്, അബ്ദുമനാഫ്,സുഹ്റ, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ് . . . . . . .

പിതാവ് നബി(സ)യുടെ ജനനത്തിന് രണ്ട് മാസം മുമ്പ്തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്രരേഖകളിലെ പ്രബലമായ അഭിപ്രായം.

പിതൃവ്യാര്‍ ഹാരിഥ്, സുബൈര്‍, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരില്‍ ഹംസ, അബ്ബാസ് എന്നിവര്‍ മാത്രമാണ്ഇസ്ലാം ഉള്‍ക്കൊണ്ടവര്‍.

അമ്മായിമാര്‍ (പിതൃ സഹോദരിമാര്‍) സ്വഫിയ്യ ഇവര്‍ മുസ്ലിമാവുകയും ഹിജ്റ പോവുകയും ചെയ്തിട്ടുള്ള മഹതിയാണ്, മറ്റൊരാള്‍ അര്‍വ എന്നവരുമാണ്.

Monday, November 28, 2022

ജനനം

 ജനനം

ക്രിസ്താബ്ദം  ഏപ്രില്‍20ന്, റബീഉല്‍ അവ്വലില്‍ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ നബിയുടെ (സ) ജനനം. അത് റബീഉല്‍ അവ്വലിലെ ഏത് തിയ്യതിയിലായിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരാര്‍ ഏകാഭിപ്രായക്കാരല്ല.

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടള്ളങ്കിലും രണ്ട്, എട്ട്, പത്ത്,പതിനേഴ്, ഇരുപത്തിരണ്ട് എന്നിങ്ങനെ വ്യത്യസ്ത തീയതികളാണെന്ന അഭിപ്രായമുള്ളവരുമുണ്ട് എന്ന് ഇബ്നുകഥീര്‍ (റ) തന്‍െറ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ അല്‍ ബിദായ വന്നിഹായല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയുമുണ്ട്

ഒരു പക്ഷേ ഇത് അല്ലാഹുവിനന്റെ മുന്‍കൂട്ടിയുള്ള ഒരുതീരുമാനമാകാം ജദിനത്തിനന്റെ പേരില്‍ പില്‍ക്കാലത്ത് ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മത ബോധമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുവുണ്ടാകയില്ല. (കൂടുതല്‍ അല്ലാഹുവിനറിയാം).

നബി(സ) യുടെ ജനനം നടന്നത്, യമനിലെ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത് ഒരു കൂട്ടം ആനകള്‍ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട സംഭവം നടന്ന അതേ വര്‍ഷമായിരുന്നു പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരാര്‍ ആ വര്‍ഷത്തിന് ആനക്കലഹ വര്‍ഷം (ആമുല്‍ ഫീല്‍) എന്നാണ് പറഞ്ഞു വന്നിരുന്നത്.

(ഇവിടെ സൂചിപ്പിക്കപ്പെട്ട കഅബ പൊളിക്കാന്‍ ശ്രമം നടത്തിയവരെ അല്ലാഹു പ രാജയപ്പെടുത്തിയ സംഭവം വിശുദ്ധഖുര്‍ആനില്‍ ാം അദ്ധ്യായമായ സൂറത്തുല്‍ ഫീലില്‍ വിവരിക്കുന്നുണ്ട്).


Sunday, November 27, 2022

ശൈശവം

 ശൈശവം

ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിൻ്റെ സംരക്ഷണം പിതാമഹനായ അബ്ദുല്‍ മുത്തലിബ് ആയിരുന്നു ഏറ്റെടുത്തത്. പുത്രന്‍ അബ്ദുല്ലയുടെ വേര്‍പാടില്‍ ദുഖിതനായിരുന്ന അബ്ദുല്‍ മുത്തലിബ് കുഞ്ഞിനെ അതിരറ്റ ലാളനയില്‍ വളര്‍ത്തു കയും മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു.

നബി(സ)യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനക്ക് പുറമെ മറ്റ് പലര്‍ക്കുംഭാഗ്യം കിട്ടിയിട്ടുണ്ട്. അവരില്‍ പെട്ടവരാണ് പിതാവില്‍ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമന്‍ (അവരുടെ യഥാര്‍ത്ഥ പേര്‍ ബറക എന്നാണ്) എന്ന അടിമ സ്ത്രീയും, തൻ്റെ പിതൃവ്യനായ അബൂലഹബിൻ്റെ അടിമയായിരുന്ന ഥുവൈബയും.  ഇക്കാര്യം ബുഖാരിയും, ഇബ്നുകഥീര്‍ അല്‍ബിദായ വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്

പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയില്‍ വളരുവാനും അതോടൊപ്പം കലര്‍പ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കു വാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണസ്ത്രീകളെ ഏല്‍പ്പിക്കല്‍ അക്കാലഘട്ടത്തില്‍ പതിവായിരുന്നു. പ്രസ്തുത നാട്ടുനടപ്പ് അനുസരിച്ച് ബനൂസഅദ് ഗോത്രത്തിലെ സ്ത്രീകള്‍ കുട്ടികളെ ഏറ്റെടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീടുകളില്‍ നിന്നും കുട്ടികളെ ഏറ്റെടുത്ത് തിരിച്ചുപോവുകയും ചെയ്തു. 

പലരും അബ്ദുല്‍ മുത്തലിബിൻ്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദരിദ്രാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറ്റെടുക്കാതെ മടങ്ങിപ്പോവുകയാണുണ്ടയത്. എന്നാല്‍ കുട്ടികളെ ഏറ്റെടുക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിത്തിരിച്ചിരുന്ന ഹലീമ എന്ന സ്ത്രീ മറ്റു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറ്റെടുത്തു. ഇതാകട്ടെ അവരില്‍ ഏറ്റവുംകൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുവാനും മറ്റു കൂട്ടുകാരികളെല്ലാം അസൂയപ്പെടുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. 

പതിവനുസരിച്ച്മുലകുടി പ്രായം കഴിഞ്ഞ് കുട്ടിയെ മാതാവിനെ തിരിച്ചേല്‍പ്പിക്കുവാനായി കൊണ്ട് ചെന്നെങ്കിലും തങ്ങളുടെ അതീവ താല്‍പ്പര്യമനുസരിച്ച് മാതാവിൻ്റെ സമ്മത പ്രകാരം കുറച്ചുകാലം കൂടി, തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നു കരുതിയ ആ കാലം അവര്‍ക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവര്‍ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.

ഈ കാലഘട്ടത്തില്‍ മുലകുടിയിലുള്ള തൻ്റെ സഹോദരങ്ങളുമൊത്ത് ആടുകളെ മേക്കാന്‍ പോകുക പ്രവാചകൻ്റെപതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ ആടുകളെ മേക്കുന്നതിനിടയില്‍, വെളുത്ത വസ്ത്രം ധരിച്ച്, മനുഷ്യരൂപത്തില്‍ ജിബ്രീല്‍ എന്ന മാലാഖ നബിയുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു മലര്‍ത്തിക്കിടത്തി.

ശേഷം അവിടുത്തെ നഞ്ച് പിളര്‍ത്തി, ഹൃദയം പുറത്തെടുത്ത് അതില്‍ നിന്നും പൈശാചികം എന്ന് പറഞ്ഞ്  ഒരുരക്ത പിണ്‍ഢം എടുത്ത് കളഞ്ഞ് ശേഷം ഹൃദയം ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ച് സംസം വെള്ളംകൊണ്ട്  കഴുകിയ ശേഷം തല്‍സ്ഥാനത്ത് വെച്ച് പൂര്‍വ്വാവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്ലിം ) 

ഈ സംഭവംകൂട്ടുകാരായി തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളേയും, അവര്‍ പറഞ്ഞതനുസരിച്ച് ഹലീമയേയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു അന്ന് അദ്ദേഹത്തിന് ആറ്വയസ്സായിരുന്നു പ്രായം.


Saturday, November 26, 2022

മാതാവിൻ്റെ വിയോഗം

 മാതാവിൻ്റെ വിയോഗം

കുട്ടിയെ ഏറ്റുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട് ഭര്‍ത്താവിൻ്റെ ഖബര്‍ സന്ദര്‍ശിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു എമന്‍ ഒന്നിച്ച് മദീനയിലേക്ക് പോയി.

ഒരു മാസക്കാലം അവിടെ കഴിച്ചു കൂട്ടി. ശേഷം മക്കയിലേക്കുള്ള മടക്കയാത്രയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ മാതാവായ ആമിന രോഗി യാവുകയുംഅവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു.

പിന്നീട് പിതാവും മാതാവും നഷ്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂര്‍ണ്ണമായും അബ്ദുല്‍ മുത്തലിബില്‍ വന്നു ചേര്‍ന്നു. പക്ഷേ അധിക കാലം അദ്ദേഹത്തിനുംഅതിന് അവസരം ലഭിച്ചില്ല. 

പ്രവാചകന്‍(സ)ക്ക് എട്ട് വയസ്സും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാത്സല്യ നിധിയായിരുന്ന പിതാമഹനുംകുഞ്ഞിനെ വിട്ടുപിരിഞ്ഞു. പിതാമഹനായിരുന്ന അബ്ദുല്‍ മുത്തലിബ് തൻ്റെമരണത്തിന് മുമ്പ്തന്നെ വസിയ്യത്ത് ചെയ്തതനുസരിച്ച്പിന്നീട് പ്രവാചകൻ്റെ സംരക്ഷണചുമതല ഏറ്റെടുത്തത്പിതൃവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.

Friday, November 25, 2022

പിതൃവ്യൻ്റെ ലാളനയില്‍

 പിതൃവ്യൻ്റെ ലാളനയില്‍

ധനികനല്ലെങ്കിലും തൻ്റെ സഹോദര പുത്രനെ പ്രയാസങ്ങളറിയിക്കാതെ എല്ലാ നിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നല്‍കി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാല്‍ പ്രവാചകന്‍(സ)യാകട്ടെ തനിക്കാവുന്ന കാര്യങ്ങളിലെല്ലാം പിതൃവ്യനെ സഹായിച്ചു പോന്നു.

ബനൂ സഅദ് ഗോത്രത്തിലെ ഹലീമാ ബീവിയോടൊത്തുള്ള കാലത്ത് തന്നെ ആടുകളെ മേക്കാന്‍ പരിചയിച്ച പ്രവാചകന്‍ അബൂത്വാലിബിൻ്റെറ ആടുകളെ മേക്കല്‍ പതിവാക്കി. സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിൻ്റെ മഹത്വം പ്രവാചകന്‍ അന്നുതന്നെ മനസ്സിലാക്കിയിരുന്നു, എന്നു വേണം കരുതാന്‍. പ്രവാചകന്‍മാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിതം നയിച്ചവരായിരുന്നു എന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകന്‍ വ്യക്തമാക്കിയത് ഹദീസു ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

ആടുകളെ മേച്ചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ല എന്നും ഞാന്‍ മക്കക്കാര്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ക്ക് ആടുകളെ മേച്ചിരുന്ന വ്യക്തിയായിരുന്നു(ബുഖാരി) എന്ന് നബി(സ) പിന്നീട് വ്യക്തമാക്കിയതും ഹദീസുകളില്‍ കാണാവുന്നതാണ്.

Thursday, November 24, 2022

ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച

 ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച

ആടുകളെ മേക്കുന്നതില്‍ മാത്രം തൻ്റെ സഹോദര പുത്രന്‍ പ്രാവീണ്യം നേടിയാല്‍ പോര, എന്ന് മനസ്സിലാക്കി അബൂതാലിബ് കച്ചവടാവശ്യാര്‍ത്ഥമുള്ള തൻ്റെ  ശാം യാത്രയില്‍ പ്രവാചകനേയും കൊണ്ട് പോക്കൻകാന്‍ തീര്‍ച്ചപ്പെടുത്തുകയും, രണ്ട്പെരും കൂടി യാത്രാസംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു. 

വഴിമദ്ധേ്യ ബുസ്വ്റ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി അവര്‍അവിടെ താവളമടിച്ചു. അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറ എന്ന് അറിയപ്പെട്ടിരുന്ന ജര്‍ജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാത്രാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും അവരെ മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു. പതിവിനു വിപരീതമായി കച്ചവട സംഘക്കാര്‍ക്ക് അനുഭവപ്പെട്ട സല്‍ക്കാരത്തില്‍ൻഅവര്‍ അല്‍ഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോള്‍ പുരോഹിതന്‍ പ്രവാചക(സ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞു തീര്‍ച്ചയായും ഈ കുട്ടി ലോകത്തിന് നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാന്‍ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായി ഞാന്‍ കാണുന്നു. 

ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ട പ്രവാചകമുദ്രപോലും ഞാന്‍ഇദ്ദേഹത്തില്‍ കാണുന്നുണ്ട്. അത്കൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെകൊണ്ട് പോകാതിരിക്കുക ഇത്രയും കേട്ടപ്പോള്‍ ശാമിലേക്ക് പ്രവാചകനെ കൊണ്ട് പോകാതിരിക്കലാണ് ഉത്തമമെന്ന് മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് തന്നെ മടക്കി അയച്ചു. അന്ന് പ്രവാചകന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

Wednesday, November 23, 2022

വ്യാപാര രംഗത്തേക്ക്

വ്യാപാര രംഗത്തേക്ക്

പ്രവാചകന്‍(സ) ബാല്യത്തില്‍ ആടുകളെ മേച്ചായിരുന്നു കഴിഞ്ഞുകൂടിയത് എങ്കില്‍ കച്ചവടരംഗത്ത് ആയിരുന്നു തൻ്റെ  യുവത്വം കഴിച്ചുകൂട്ടിയത്. 

അക്കാലത്തെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിൻ്റെ  മകള്‍ ഖദീജ(റ) പ്രവാചകൻ്റെ  സത്യസന്ധതയും സ്വഭാവ മഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ തൻ്റെ  വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ല തുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാല്‍ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി.

അങ്ങിനെ പ്രവാചകന്‍ അബൂത്വാലിബിൻ്റെ സമ്മതപ്രകാരം ഖദീജയുടെ കച്ചവടച്ചരക്കുമായി തൻ്റെഇരുപത്തഞ്ച്വ യസ്സിനോടടുത്ത സയമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു.

കൂടെ സഹായത്തിനായി ഖദീജ(റ)യുടെ ഭൃത്യനായിരുന്ന മൈസറയുമുണ്ടായിരുന്നു. മുഹമ്മദ് (സ)യെ തൻ്റെ കച്ചവടത്തിൻ്റെ നേതൃത്വം ഏല്‍പ്പിച്ചതിന് ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ(റ) അങ്ങേയറ്റം സന്തുഷ്ടയായിത്തീര്‍ന്നു. അതോടൊപ്പം തൻ്റെ ഭൃത്യനായിരുന്ന മൈസറയില്‍ നിന്നും കേട്ടറിഞ്ഞ പ്രവാചകൻ്റെ സ്വഭാവമഹിമയും

സത്യസന്ധതയും വിശ്വസ്തതയും യാത്രാ വിവരണവുമെല്ലാം അവരില്‍ അളക്കാനാകാത്ത സ്നേഹവും വിസ്മയവുമുണ്ടാക്കി. ഇതെല്ലാം അവരുടെ മനസ്സില്‍ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും മുഹമ്മദ് എന്ന ഈ ഖു റൈശി യുവാവിനെ തനിക്ക്  ഭര്‍ത്താവായി ലഭിച്ചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.

Tuesday, November 22, 2022

വിവാഹം

വിവാഹം

ഖദീജ(റ) തന്നിലുദിച്ച ആഗ്രഹം തൻ്റെ തോഴിയായ നുഫൈസയെ അറിയിക്കുകയും, പ്രവാചകൻ്റെ താല്‍പ്പര്യം അറിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ പ്രവാചകനോട്സംസാരിച്ചപ്പോള്‍, താന്‍ അതിനുള്ള സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും, തന്നയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യാര്‍ത്ഥന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജ(റ)യുമായി അതെങ്ങനെ തനിക്ക് സാധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകൻ്റെ അന്നേരത്തെ മറുപടി.

 ഇക്കാര്യം നുഫൈസ ഖദീജ(റ)യെ അറിയിച്ചപ്പോള്‍ താങ്കളുടെ കുടുംബമഹിമ,വിശ്വസ്തത,സല്‍സ്വഭാവം, സത്യസന്ധത എന്നിവയിലാണ് താന്‍ താല്‍പ്പര്യം കാണുന്നത്. അതിനാല്‍തന്നെ മറ്റൊന്നും തനിക്ക് പ്രശ്നമല്ലെന്ന കാര്യംഅദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

മുഹമ്മദ്(സ)യുടെ സമ്മതം അറിഞ്ഞ ഖദീജ(റ) ഇക്കാര്യം തൻ്റെ പിതൃവ്യനായ അംറുബ്നു അസദിനെ അറി

യിക്കുകയും അദ്ദേഹം നബി(സ)യുടെ പിതൃവ്യനായ അബൂത്വാലിബിനോട് ഒൗപചാരികമായി അറിയിക്കുകയും വിവാഹാനേ്വഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തൻ്റെ സഹോദരപുത്രന് കൈവന്ന ഈ ഭാഗ്യത്തില്‍ സന്തോഷിക്കുകയും ഇരുകുടുംബത്തിന്‍േറയും സന്തോഷ സാന്നിദ്ധ്യത്തില്‍ പ്രവാചകന്‍(സ) തൻ്റെറ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ഖദീജ(റ)യെ വിവാഹം കഴിക്കുകയും ചെയ്തു.

നേരത്തെ രണ്ട് തവണ വിവാഹിതയായെങ്കിലും ഭര്‍ത്താക്കള്‍ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ(റ)ക്ക് അന്ന് നാല്‍പ്പത് വയസ്സായിരുന്നു പ്രായം. ഖദീജ(റ)യുമായി നടന്ന വിവാഹത്തിന് പ്രവാചകന്‍ ഒട്ടകമായിരുന്നു മഹ്റായി നല്‍കിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിര്‍വ്വഹിച്ചത് എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.

നബി(സ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്. ഇരുപത്തഞ്ച് വര്‍ഷത്തെ അവരുടെ ദാമ്പത്യജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവുമായിരുന്നു. ഖദീജ(റ) യില്‍ കാസിം, അബ്ദുല്ലഎന്നീ രണ്ട്ആണ്‍മക്കളും സൈനബ, റുഖിയ്യ, ഉമ്മുകുല്‍ഥൂം, ഫാത്വിമ എന്നീ നാല് പെണ്‍മക്കളും ജനിച്ചു.

 അറുപത്തഞ്ചാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെ നബി(സ) മറ്റാരേയും വിവാഹം കഴിച്ചിട്ടില്ല.

Monday, November 21, 2022

അല്‍ അമീന്‍ (വിശ്വസ്തന്‍)

അല്‍ അമീന്‍ (വിശ്വസ്തന്‍)

നബി(സ) അക്കാലത്ത് നടപ്പുണ്ടായിരുന്ന എല്ലാ നിലക്കുമുള്ള ജീവിതക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി, മഹത്തായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിട്ടായിരുന്നു തൻ്റെജീവിതം നയിച്ചിരുന്നത്. അത്കൊണ്ട് തന്നെ എല്ലാവരുടേയും സ്നേഹാദരവുകളും പ്രശംസകളും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

അക്കാലത്ത് തൻ്റെ സമപ്രായക്കാരായ യുവാക്കളിലും ചെറുപ്പക്കാരിലും കാണപ്പെട്ടിരുന്ന വൃത്തികേടുകളിലോ മറ്റ് ചീത്ത നടപടിക്രമങ്ങളിലോ ഒന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. എന്ന്മാത്രമല്ല അതിനോട് വെറുപ്പും അറപ്പുമുള്ള മനസ്സുമായിട്ടായിരുന്നു അദ്ദേഹം ജീവിച്ചുപോന്നത്.

ചെറുപ്പം മുതല്‍ക്ക് തന്നെ താന്‍ അറിയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യാതെത്തന്നെ അല്ലാഹു അദ്ദേഹത്തെ ഒരു പ്രതേ്യക ലക്ഷ്യത്തിന്ന് ഒരുക്കിക്കൊഞ്ചബ്ല് വന്നിരുന്നു എന്ന് വേണം കരുതാന്‍. ഇക്കാര്യത്തെ ബലപ്പെടുത്തുന്ന ഒരു സംഭവം 

ഇമാം ബുഖാരി തൻ്റെസ്വഹീഹില്‍ ഉദ്ധരിക്കുന്നത്കാണുക ജാബിര്‍(റ)ല്‍ നിന്ന് നിവേദനം, കഅബ പുനര്‍ നിര്‍മ്മാണം നടക്കുന്ന സമയം നബി(സ)യും അബ്ബാസ്(റ)വും കൂടി കല്ലുകള്‍ എടുത്ത് കൊണ്ട്പോകുവാന്‍ സഹായിക്കുകയുണ്ടായി. അന്നേരം അബ്ബാസ്(റ), നബി(സ) കുട്ടിയായിരുന്നതിനാല്‍ തൻ്റെ ഉടുതുണി അഴിച്ച് ചുമലില്‍ വെച്ചാല്‍ വേദനിക്കുകയില്ല എന്ന് പറയുകയും, നബി (സ) അത് അനുസരിക്കുകയും ചെയ്തു. പക്ഷേ പെട്ടന്ന് നബി(സ) ബോധം നഷ്ടപ്പെട്ടവനായി നിലത്ത് വീഴുകയും തൻ്റെ കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി് എന്റെ തുണീ ... എന്റെ തുണീ .. എന്ന് പറയുകയും അങ്ങിനെ മറ്റുള്ളവര്‍ അദ്ദേഹത്തെ തുണിയുടുപ്പിക്കുകയുംചെയ്തു. 

ഇത് പോലെ വേറെയും സംഭവങ്ങള്‍ കാണാന്‍ സാധിക്കും. മേല്‍ പറയപ്പെട്ട നിലക്കുള്ള സ്വഭാവ മാഹാത്മ്യവും വിശ്വസ്തതയും കാരണത്താല്‍ ഏവര്‍ക്കും പ്രിയങ്കരനും കണ്ണിലുണ്ണിയുമായി അദ്ദേഹം വളരുകയും എല്ലാവരും അദ്ദേഹത്തെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന് വിശേഷിപ്പിക്കുകയും ആ പേരില്‍ അദ്ദേഹം അറിയപ്പെടുകയുംചെയ്തു. 

തര്‍ക്കത്തിന് പരിഹാരം കാണുന്നു നബി(സ)ക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശകതമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താല്‍ കഅബാലയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഖുറൈശികള്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. 

വലീദ്ബ്നുമുഗീറയുടെ നേതൃത്വത്തില്‍ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവാരും പ്രസ്തുത പുണ്യകര്‍മ്മത്തില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. വേശ്യാവൃത്തി പലിശ തുടങ്ങിയ തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങള്‍ ഒരു കാരണവശാലും പ്രസ്തുത കര്‍മ്മത്തിന്ന് ഉപയോഗിക്കുയില്ല മറിച്ച് വിശിഷ്ഠ മാര്‍ഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിര്‍മ്മാണത്തിന് ഉപയോഗിക്കൂ എന്ന അന്നത്തെ അവരുടെ തീരുമാനം എടുത്ത് പറയേണ്ടതും കഅബയുടെ നേരെ അവരുടെ മനസ്സിലുണ്ടായിരുന്ന പവിത്രതയും ആദരവും എത്രമാത്രമുണ്ടായിരുന്നു എന്ന്വിളിച്ചോതുന്നതുമായിരുന്നു പ്രസ്തുത സംഭവം.

എന്നാല്‍ പ്രസ്തുത കര്‍മ്മം നടക്കുന്നതിനിടയിലുണ്ടായ ഒരു സംഭവം പ്രതേ്യകം ശ്രദ്ധേയമാണ്. എല്ലാ ഗോത്രങ്ങളും തങ്ങളുടേതായ പങ്ക് നിര്‍വ്വഹിച്ചിരുന്നു എന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലൊ. അത്കൊണ്ട് തന്നെ കഅബയുടെ ആരംഭം മുതല്‍ക്ക് തന്നെ കഅബയുടെ ഒരു മൂലയില്‍ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലു. ഹജറുല്‍ അസ്വദ് (കറുത്തകല്ല്) എന്നാണ് അതിന് പറഞ്ഞുവരുന്നത്. 

മനുഷ്യന്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടആദ്യ മന്ദിരം അതിൻ്റെ തുടക്കം മുതല്‍ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്അതിൻ്റെനിലനില്‍പ്പ് കാലമത്രയും സംരക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിൻ്റെ ഒരു തീരുമാനമാകാം. ചരിത്രപരമായി അതിന് പ്രാധാന്യവും

പ്രതേ്യകതയുമുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ് എന്നതില്‍ തര്‍ക്കമില്ല പ്രവാചകന്‍ (സ) കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടയിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതില്‍ കവിഞ്ഞ പ്രതേ്യകതയോ ദിവ്യത്തമോ അതിന് സങ്കല്‍പ്പിച്ചു കൂടാത്തതുമാണ്.

മഹാനായ  ഖലീഫ ഉമര്‍(റ) ഒരിക്കല്‍ കഅബപ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ്വദ് ചുംബിച്ചുകൊണ്ട്പറഞ്ഞ വാക്കുകള്‍ നാം പ്രതേ്യകം മനസ്സിലാക്കിയിരിക്കേണ്ടതാണ്.കല്ലേ,നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്ക് അറിയാം.നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെരക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല (ബുഖാരി).

കഅബയുടെ പുനര്‍ നിര്‍മ്മാണ സമയത്ത് ഹജറുല്‍ അസ്വദ് വെക്കേണ്ട സ്ഥാനം എത്തിയപ്പോള്‍ പ്രസ്തുത കര്‍മ്മം ആര് നിര്‍വ്വഹിക്കണമെന്ന കാര്യത്തില്‍ അവര്‍ അഭിപ്രായ വ്യത്യാസത്തിലാവുകയും ഒാരോരുത്തരും തങ്ങള്‍ക്ക് അത് നിര്‍വ്വഹിക്കണമെന്ന് വാദിക്കുകയും ചെയ്തു. അവസാനം തര്‍ക്കപരിഹാരത്തിനായി അവര്‍ കണ്ടത്തിയ മാര്‍ഗ്ഗം ഇനി ആദ്യം കഅബയുടെ അടുത്തേക്ക്ക ടന്നുവരുന്ന വ്യക്തിയാരാണോ അദ്ദേഹത്തിൻ്റെ  തീരുമാനത്തിന് വിടാം എന്നതായിരുന്നു.

അങ്ങിനെ അവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയില്‍ പ്രവാചകന്‍(സ)ആയിരുന്നു അങ്ങോട്ട് കടന്നുവന്നത് അവരെല്ലാ വരും വിളിച്ചു പറഞ്ഞു അതാവരുന്നു അല്‍ അമീന്‍, ഞങ്ങള്‍ അദ്ദേഹത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നതാണ്

അവര്‍ പ്രവാചകനെ വിഷയം ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ട്വരാന്‍ പറഞ്ഞു. അങ്ങിനെ അത് വിരിച്ചു അതിലേക്ക് തൻ്റെ കൈകൊണ്ട് ഹജറുല്‍ അസ്വദ് എടുത്ത് വെച്ച ശേഷം എല്ലാ ഗോത്രത്തലവാരോടും അതിൻ്റെ  ഒാരോ ഭാഗം പിടിച്ച് പൊക്കാന്‍ ആവശ്യപ്പെടുകയും കല്ല് വെക്കേണ്ടതായ സ്ഥാനത്തെത്തിയപ്പോള്‍ പ്രവാചകന്‍(സ) തന്നെ കല്ല് യഥാസ്ഥാനത്ത്സ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടേയും പരിപൂര്‍ണ്ണ സംതൃപ്തിയോടുകൂടി, സംഘട്ടനത്തിൻ്റെവക്കിനോളം എത്തിയിരുന്ന പ്രശ്നം പ്രവാചകന്‍ (സ)സമംഗളമായി പരിഹരിച്ചു.

Saturday, November 19, 2022

പ്രവാചകത്വത്തിൻ്റെ തുടക്കം

നബി(صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ)ക്ക് പ്രായം നാല്‍പ്പത് വയസ്സോടടുത്തപ്പോള്‍ അദ്ദേഹം ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുകയും നേരം പുലരുമ്പോള്‍ അവയത്രയും പകല്‍വെളിച്ചം പോലെ പുലരുന്നതായും അനുഭവപ്പെട്ടുകൊണ്ടിരുന്നു.

അതോടൊപ്പം മക്കയില്‍ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമര്‍ഷം തോന്നുകയും അതില്‍നിന്നും അത്തരം ദുര്‍വൃത്തികളില്‍  ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരില്‍ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താല്‍പ്പര്യം ജനിക്കുകയും അതിനായി മക്കയില്‍ ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ളജബല്‍ നൂര്‍ എന്ന പര്‍വ്വതമുകളിലെ ഹിറാ ഗുഹ അദ്ദേഹം കണ്ടേത്തുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അവിടെ കഴിച്ചുകൂട്ടല്‍ അദ്ദേഹത്തിൻ്റെ പതിവായിത്തീര്‍ന്നു. ഇത്രയും കാലത്തേക്ക് വേണ്ടഭക്ഷണസാധനങ്ങള്‍ നേരത്തെ തന്നെ തൻ്റെ ജീവിതപങ്കാളിയായ ഖദീജ(റ) തയ്യാറാക്കിക്കൊടുക്കും.

ചിലപ്പോള്‍ തിരിച്ചുവരുന്ന ദിവസം വൈകുമ്പോള്‍ അവര്‍ ഭക്ഷണം അങ്ങോട്ട്എത്തിച്ചുകൊടുക്കുകയും പതിവാക്കിയിരുന്നു.

അങ്ങിനെ ഒരുനാള്‍ തൻ്റെ  ഏകാന്തതയെ ഭേദിച്ചുകൊണ്ട് ഗുഹാമുഖത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഭയവിഹ്വലനായി നിന്ന അദ്ദേഹത്തോട് വന്നയാള്‍ ഇഖ്റഅ് (നീ വായിക്കുക) എന്ന് പറഞ്ഞു അതുകേട്ട് എഴുത്തും വായനയും എന്തെന്ന് അറിയാത്ത പ്രവാചകന്‍ മാ അന ബിഖാരിഇന്‍(എനിക്ക് വായിക്കാനറിഞ്ഞുകൂട) എന്ന് മറുപടി പറഞ്ഞു. അന്നേരം, വന്നയാള്‍ അദ്ദേഹത്തെ ശക്തിയായി തന്നിലേക്ക് ചേര്‍ത്ത്പിടിച്ചു വിട്ടശേഷം വീണ്ടും ആദ്യ ചോദ്യവും മറുപടിയും ആവര്‍ത്തിച്ചു.

മൂന്നാം തവണ ആഗതന്‍ വിശുദ്ധ ഖുര്‍ആനിലെ 96 മത്തെ  അദ്ധ്യായത്തിൻ്റെ ആദ്യഭാഗത്തുള്ള വചനങ്ങള്‍ അദ്ദേഹത്തിന് ഓതിക്കൊടുത്തു ഇഖ്റഅ് ബിസ്മി റബ്ബികല്ലദീ ഖലഖ്, ഖലഖല്‍ ഇന്‍സാന മിന്‍ അലഖ്, ഇഖ്റഅ് വറബ്ബുകല്‍ അക്റം, അല്ലദീ അല്ലമ ബില്‍ ഖലമി അല്ലമല്‍ ഇന്‍സാന മാലം യഅ്ലം. 

സൃഷ്ടിച്ചവനായ നിൻ്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചി രിക്കുന്നു. നീ വായിക്കുക, നിൻ്റെ രക്ഷിതാവ് പേനകൊണ്ട്  പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. അവന്‍ മനുഷ്യന് അറിയാത്തത് പഠിപ്പിച്ചിരിക്കുന്നു.

ഇതായിരുന്നു പ്രവാചകൻ്റെ നുബുവ്വത്തിന്റെ (പ്രവാചകത്വത്തിൻ്റെ) തുടക്കം. 

ക്രിസ്താബ്ദം 610 ആഗസ്ത് മാസം10ന് തിങ്കളാഴ്ച, റമദാന്‍ 17 ന് ആയിരുന്നു ഇതെന്നാണ് ചരിത്ര രേഖകളില്‍ നിന്നും മനസ്സിലാകുന്ന പ്രബലമായ അഭിപ്രായം.

പ്രസ്തുത വചനങ്ങള്‍ ഓതിക്കൊടുത്ത് ആഗതന്‍ അപ്രത്യക്ഷമായി അസാധാരണമായുണ്ടയ ഈ അനുഭവം പ്രവാചകനെ പേടിപ്പെടുത്തുകയും പരിഭ്രാന്തനായി നേരെ വീട്ടിലേക്ക് ചെന്ന് ഖദീജ(റ)യോട് എനിക്ക് പുതച്ച് തരൂ എന്ന് പറയുകയും ഖദീജ(റ) അദ്ദേഹത്തെ പുതപ്പിട്ട് മൂടി ഇപ്രകാരം സമാധാനിപ്പിക്കുകയും ചെയ്തു. 

ഇല്ല, അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. താങ്കള്‍ കുടും ബബന്ധം ചേര്‍ക്കുന്നു, മറ്റുള്ളവരുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥിയെ മാനിക്കുന്നു, വിപത്തുകളില്‍ സഹായം നല്‍കുന്നു ശേഷം ഭയമെല്ലാം നീങ്ങിയപ്പോള്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ(റ) ചോദിച്ചറിയുകയും നബി(സ) വിവരിച്ചുകൊടുക്കുകയും ചെയ്തു. 

അന്നേരം ഇക്കാര്യത്തിൻ്റെ  പൊരുളെന്തെന്ന് അറിയാനായി ഖദീജ(റ)യുടെ പിതൃവ്യ പുത്രനും വേദ പണ്‍ഢിതനുമായിരുന്ന വറഖത്തുബ്നു നൗഫല്‍ എന്ന വ്യക്തിയുടെ അടുത്തേക്ക് ഖദീജ(റ) നബി(സ)യേയും കൊണ്ട് പോകുകയും സംഭവങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. അന്നേരം അദ്ദേഹം നബി(സ)യെ സമാശ്വസിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു. നിശ്ചയം മൂസയുടെ അടുക്കല്‍ വന്ന മാലാഖയാണ് താങ്കളുടെ അടുക്കല്‍ വന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ ഭയപ്പെടേണ്ടതില്ല, സന്തോഷിക്കൂ.  നിങ്ങള്‍ ഈ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്.

ശേഷം അദ്ദേഹം ഇതുംകൂടി ചേര്‍ത്ത് പറഞ്ഞു നിങ്ങളെ ഈ നാട്ടില്‍നിന്നും സമൂഹം ആട്ടിപ്പുറത്താക്കുന്ന സമയം ഞാന്‍ ഉണ്ടാകുമെങ്കില്‍, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടാ നിങ്ങളുടെ കൂടെയുണ്ടായിരിക്കും. ഇത്രയും പറഞ്ഞുകേട്ടപ്പോള്‍ നബി(സ) അല്‍ഭുതത്തോടെ ചോദിച്ചു. 

ഈ  ജനത എന്നെ ആട്ടിപ്പുറത്താക്കുമെന്നോ  അദ്ദേഹം പറഞ്ഞു മുമ്പുകഴിഞ്ഞുപോയ എല്ലാ പ്രവാചകാരുടേയും അവസ്ഥ അപ്രകാരമായിരുന്നു.

Friday, November 18, 2022

പ്രബോധനത്തിന്റെ തുടക്കം

 പ്രബോധനത്തിന്റെ തുടക്കം

നബി(സ)ക്ക് തൻ്റെയടുക്കല്‍ വന്നത് അല്ലാഹുവില്‍ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങിനെ തന്നിലേല്‍പ്പിക്കപ്പെട്ടഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു.

അതോടെഹിറാ ഗുഹയില്‍ കണ്ട ആ മാലാഖ പ്രത്യക്ഷപ്പെട്ടിരുന്നു വെങ്കില്‍ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്യ് (ദിവ്യസന്ദേശം) ഒന്നും ലഭിക്കുയുണ്ടായില്ല. നബിക്കതില്‍ ദുഖവും പ്രയാസവുമുണ്ടായി.

അന്നേരം പ്രവാചകര്‍ക്ക് വഹ്യ് എത്തിച്ചുകൊടുക്കുന്ന മലക്ക് ജിബ്രീല്‍ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുര്‍ആനിലെ 74 ാം അദ്ധ്യായമായ സൂറത്തുല്‍ മുദ്ദഥ്ഥിറിലെ ആദ്യഭാഗങ്ങള്‍ ഒാതിക്കേള്‍പ്പിക്കുകയും ചെയ്തു.

അതനുസരിച്ച് പ്രവാചകന്‍ തൻ്റെ ഏറ്റവും അടുത്ത ആളുകളോട് പ്രബോധനം ആരംഭിച്ചു.

ഭാര്യ ഖദീജ(റ)ക്ക് ശേഷം നബിയില്‍ വിശ്വസിച്ചവര്‍ കുട്ടികളില്‍ നിന്ന് പിതൃവ്യപുത്രനായ അലി(റ)വും, കുടുംബക്കാരല്ലാത്തവരില്‍ നിന്ന് തൻ്റെ സുഹൃത്തായിരുന്ന അബൂബക്കര്‍(റ)വുംഅടിമകളുടെകൂട്ടത്തില്‍ നിന്ന് സൈദ്(റ)വും ആയിരുന്നു.

 ഏകദേശം മൂന്ന് വര്‍ഷത്തോളം അടുത്തവരോടും കുടുംബക്കാരോടുമായി പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന് ശേഷം തൻ്റെ ഉത്തരവാദിത്വം പരസ്യമാക്കണമെന്ന അല്ലാഹുവിൻ്റെ കല്‍പ്പനയുമായി അതിൻ്റെ അടിസ്ഥാനത്തില്‍ പ്രബോധനം പരസ്യപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.

Thursday, November 17, 2022

പരസ്യപ്രേബോധനം

പരസ്യ പ്രബോധനം

നിൻ്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക എന്ന, സൂറത്ത് ശുഅറാഇലെ 214 ാം വചനം അവതരിച്ചപ്പോള്‍ നബി(സ) സ്വഫാ കുന്നിൻ്റെ മുകളില്‍ കയറി നിന്നുകൊണ്ട് തൻ്റെ കുടുംബക്കാരെയെല്ലാം വിളിച്ചു വരുത്തുകയും അവര്‍ ഒാരോ ഗോത്രങ്ങളേയും, ഫിഹ്ര്‍ സന്തതികളേ, അദിയ്യ് സന്തതികളേ, ഖുറൈശി സമൂഹമേ എന്നിങ്ങനെ ഒാരോരുത്തരേയും പേരെടുത്ത് വിളിച്ച് അവരോടായി ഇപ്രകാരം പറഞ്ഞു. ഖുറൈശീ സമൂഹമേ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ കഅബിൻ്റെ സന്തതികളേ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ പ്രവാചകൻ്റെ മകളായ ഫാത്വിമാ നിൻ്റെ ശരീരത്തെ നീ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക. നിശ്ചയം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് വെണ്ടി യാതൊന്നും ചെയ്യാന്‍ കഴിയുകയില്ല. ശേഷം അവരോട് എല്ലാവരോടുമായി ചോദിച്ചു ഇതാ ഈ പര്‍വ്വതത്തിനു പുറകിലായി ഒരു വലിയ കുതിരപ്പട നിങ്ങളെ അക്രമിക്കാനായി വന്നിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ  അവര്‍ എല്ലാവരും ഏകസ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കും. 

കാരണം ഞങ്ങള്‍ക്ക് സത്യമല്ലാതെ നിന്നില്‍ നിന്നും പരിചയമില്ല. അന്നേരം പ്രവാചകന്‍(സ) പറഞ്ഞു ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്, ഒരു വലിയ ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ പോവുകയാണ്.

 ഉടനെത്തന്നെ പ്രവാചകൻ്റെ പിതൃവ്യന്‍ കൂടിയായ അബൂ ലഹബ് ഇപ്രകാരം ആക്രോശിച്ചു തബ്ബന്‍ ലക് അലിഹാദാ ജമഅ്തനാ  (എടാ, നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്).

അത് ഒരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. എന്നാല്‍ അല്ലാഹു അതേ ശൈലിയില്‍ തന്നെ അതിന് തിരിച്ചടിനല്‍കി തബ്ബത് യദാ അബീലഹബിന്‍ വ തബ്ബ് .... (അബൂലഹബിൻ്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു) എന്ന് തുടങ്ങുന്ന വിശുദ്ധ ഖുര്‍ആനിലെ 111 ാം അദ്ധ്യായമായ സൂറത്ത്ലഹബിൻ്റെ അവതരണം പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട്ള്ളായിരുന്നു.

എന്നാല്‍ പ്രവാചകന്‍(സ)തന്നിലേല്‍പ്പിക്കപ്പെട്ട ദൗത്യവു മായി മുന്നോട്ട് പോകുകതന്നെ ചെയ്തു.

വിഗ്രഹാരാധന യുടെ പൊള്ളത്തരങ്ങളെ സംബന്ധിച്ച് പരസ്യമായി അവ രെ ബോധവല്‍ക്കരിച്ച് സംസാരിക്കാന്‍ തുടങ്ങി. അതോടൊപ്പംതങ്ങള്‍ ഇബ്റാഹീം നബിയുടെ പിന്‍തലമുറക്കാരാണ് എന്ന അവരുടെ വാദത്തിൻ്റെ അര്‍ത്ഥശൂന്യത അവരെ അറിയിച്ചു കാരണം ഇബ്റാഹീം നബി ഒരിക്കലും വിഗ്രഹാരാധകനായിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം ആ കാലത്തെ വിഗ്രഹാരാധകര്‍ക്കെതിരില്‍ ആഞ്ഞടിച്ച പടവാളായിരുന്നു എന്നും അവരെ തെര്യപ്പെടുത്തി.

അതു പോലെ ഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവാരുടെ മാര്‍ഗ്ഗങ്ങള്‍ കയ്യൊഴിക്കുകയില്ല എന്ന എക്കാലത്തെയും സത്യനിഷേധികളുടെവാദത്തെ പ്രവാചകന്‍ മുന്‍കഴിഞ്ഞ പ്രവാചകരുടെ ചരിത്രം ഉദ്ധരിച്ച് അവരെല്ലാം കാക്കകാരണവാരെ അനുസരിച്ചവര്‍ ആയിരുന്നില്ല മറിച്ച് സത്യത്തേയും തെളിവുകളേയും പിന്തുണച്ചവരായിരുന്നു എന്ന് അവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ ഇതൊന്നും കേള്‍ക്കുവാനോഅംഗീകരിക്കുവാനോ അവര്‍ തയ്യാറായില്ല. മുഹമ്മദ് തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും തങ്ങളുടെ പൂര്‍വ്വികരെ വിഡ്ഢികളാക്കുകയും ബുദ്ധിയെ കളിയാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് വിശ്വാസികളേയും പ്രവാചകനേയും മര്‍ദ്ദിച്ച് ഒതുക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി.

തുടര്‍ന്നങ്ങോട്ടുള്ള ജീവിതം പ്രവാചകനും അനുയായികള്‍ക്കും മര്‍ദ്ദനങ്ങളുടേയും കഷ്ടപ്പാടുകളുടേയും കാലമായിരുന്നു.

ഇസ്ലാം ആശ്ലേഷിച്ചതിൻ്റെ പേരില്‍ വിശ്വാസികള്‍ ഏല്‍ക്കേഞ്ചബ്ലിവന്ന കഷ്ടതകള്‍ കുറച്ചൊന്നുമായിരുന്നില്ല. ഉമയ്യത്തുബ്നു ഖലഫിൻ്റെ അടിമയായിരുന്ന ബിലാല്‍(റ) വിനെ യജമാനന്‍ കഴുത്തില്‍ കയറിട്ട് നിലത്തുകൂടെ വലിപ്പിക്കുകയും, ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ലുകള്‍ കയറ്റിവെച്ച് ചാട്ടവാര്‍ കൊണ്ട് അടിക്കുക വരെ ചെയ്തു.

 പക്ഷേ അതൊന്നും തൻ്റെ വിശ്വാസത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല എന്ന് മാത്രമല്ല ഒാരോ അടിയേല്‍ക്കുന്ന സമയ ത്തും അഹദ്... അഹദ്. . . എന്ന് (അല്ലാഹു ഏകനാണ്) എന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.

ഇത്തരത്തില്‍ മര്‍ദ്ധിക്കപ്പെട്ടുകൊണ്ട്രിക്കുന്ന സമയത്ത് അതിലൂടെ കടന്നുവന്ന അബൂബക്കര്‍(റ) ഉമയ്യത്തില്‍ നിന്നും അയാള്‍ പറഞ്ഞ വിലകൊടുത്ത് ബിലാല്‍ (റ)നെ വിലകൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി.

ഇതുപോലെത്തന്നെ അബൂജഹല്‍ അടക്കമുള്ള ഖുറൈശി പ്രമുഖര്‍ യാസിര്‍ കുടുംബത്തിന് ഏല്‍പ്പിച്ച മര്‍ദ്ധനത്തിനും കണക്കില്ലായിരുന്നു, അമ്മാര്‍ പിതാവ് യാസിര്‍ മാതാവ് സുമയ്യ എന്നിവരെ മണലില്‍ മലര്‍ത്തിക്കിടത്തി ചുട്ട് പഴുപ്പിച്ച ഇരുമ്പ് ദണ്‍ഡുകള്‍ ശരീരത്തില്‍ കുത്തിയിറക്കിയായിരുന്നു മര്‍ദ്ധിച്ചിരുന്നത്.

 ഇങ്ങനെയുള്ള മര്‍ദ്ധനത്തിൻ്റെ കാഠിന്യത്താല്‍ സുമയ്യ(റ) ഇസ്ലാമിന്ന് വേണ്ടി ആദ്യത്തെ രക്തസാക്ഷി എന്ന പദവിയിലേക്ക് എത്തിച്ചേര്‍ന്നു.

ഒരിക്കല്‍ നബി(സ) അവര്‍ മര്‍ദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന് അടുത്തുകൂടെ നടന്നുപോയപ്പോള്‍ അവരോടായിപറഞ്ഞ വാക്ക് സ്വബ്റന്‍ യാആലയാസിര്‍ ഇന്നമൗഇദകുമുല്‍ ജന്ന (യാസിര്‍ കുടുംബമേ, ക്ഷമിക്കൂ തീര്‍ച്ചയായും നിങ്ങള്‍ക്കുള്ള വാഗ്ദത്തം സ്വര്‍ഗ്ഗമാണ്) എന്നായിരുന്നു.

മറ്റു ചിലരെ റൂമുകളില്‍ അടച്ചുപൂട്ടി പുകയിട്ടു ബുദ്ധിമുട്ടിച്ചു, ചിലര്‍ക്ക് ഇരുമ്പ് ദണ്‍ഡുകള്‍ കൊണ്ട്  പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. പ്രവാചകന്‍(സ)യേയും  അവര്‍ മര്‍ദ്ദനങ്ങളില്‍ നിന്നും ഒഴിവാക്കിയില്ല.

ഒരിക്കല്‍ നബി(സ) കഅബയുടെ അടുത്ത് വെച്ച് നമസ്കരിച്ചുകൊണ്ടിരിക്കെ അത് കണ്ട് വന്ന അബൂജഹലും കൂട്ടരും ഇപ്രകാരം പറഞ്ഞു ആരുണ്ട് ഇപ്പോള്‍ ഒരു ഒട്ടകത്തിൻ്റെ കുടല്‍മാല കൊണ്ട് വന്ന്മുഹമ്മദിൻ്റെ കഴുത്തില്‍ ചാര്‍ത്താന്‍ അന്നേരം ദുഷ്ടനായ ഉഖ്ബത്ത് ബ്നു അബീമുഇൗത് ആവേശത്തോടുകൂടി ആ കൃത്യം നിര്‍വ്വഹിക്കുക തന്നെ ചെയ്തു പ്രവാചകന്‍ നമസ്കാരത്തില്‍ സുജൂദിലായിരിക്കെ അദ്ദേഹത്തിൻ്റെ കഴുത്തില്‍ ചീഞ്ഞളിഞ്ഞ കുടല്‍ മാല വലിച്ചുകൊണ്ട് വന്ന് ഇടുകയും മറ്റുള്ളവരെല്ലാം അത് കണ്ട്  ആഹ്ളാദിക്കുകയും ചെയ്തു.  

പ്രവാചകന്ന്സുജൂദില്‍ നിന്നും തല ഉയര്‍ത്താന്‍ കഴിയാതെ പ്രയാസപ്പെടുകയും അവസാനം പ്രവാചകപുത്രി ഫാത്വിമ(റ) വിവരമറിഞ്ഞു ഒാടിയെത്തി പിതാവിൻ്റെ കഴുത്തില്‍ നിന്നും അത് വലിച്ചുമാറ്റുകയും ചെയ്തു.

തല ഉയര്‍ത്തിയ ശേഷം നബി (സ) ഖുറൈശീ പ്രമുഖരായ അബൂജഹല്‍,  ഉത്ബത്, ശൈബത്, വലീദ് ബ്നു ഉത്ബ, ഉമയ്യത്തുബ്നുഖലഫ്, ഉഖ്ബത് ബ്നു അബീ മുഇൗത്വ് എന്നീ ശത്രു പ്രധാനികളുടെ പേരെടുത്ത് പറഞ്ഞ് അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.

ഇബ്നു മസ്ഉൗദ്(റ) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തിയതനുസരിച്ച് മേല്‍പ്പറയപ്പെട്ട എല്ലാവരുംബദറില്‍ കൊല്ലപ്പെട്ടതായി കാണാവുന്നതാണ്.

അതുപേലെത്തന്നെ പ്രവാചകന്‍ നടന്നു പോകുന്നവഴികളില്‍ പോലും മാലിന്യങ്ങളും മ്ലേഛവസ് തുക്കളും വലിച്ചെറിഞ്ഞ് തൻ്റെ പിതൃവന്‍ അബൂലഹബും ഭാര്യ ഉമ്മു ജമീലും ഉപദ്രവങ്ങളില്‍ പങ്ക്ചേര്‍ന്നു.

മേല്‍ പറഞ്ഞ നിലക്കുള്ള മര്‍ദ്ദനങ്ങളുടെ പട്ടിക വിവരി ക്കുകയാണ് എങ്കില്‍ അത് നീ പോവുക തന്നെ ചെയ്യും.

പ്രവാചകന്‍(സ)യും അനുയായികളും ഇസ്ലാമിന് വേണ്ടി സഹിക്കേണ്ടി വന്ന ത്യാഗത്തിൻ്റെ ചരിത്രം മനസ്സിലാക്കി, വിശ്വാസികളായ നാം നമ്മുടെ വിശ്വാസം

വര്‍ദ്ധിപ്പിച്ച് മതത്തോടു നമുക്കുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കാനാണ് ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടത്.

Wednesday, November 16, 2022

സാഹിത്യകാരാര്‍ മുട്ടുമടക്കുന്നു

 സാഹിത്യകാരാര്‍ മുട്ടുമടക്കുന്നു

എന്നാൽ മേല്‍പ്പറഞ്ഞ നിലക്കുള്ള മര്‍ദ്ധനങ്ങളും പീഠന ങ്ങളുമെല്ലാം അവര്‍ക്ക് മതത്തിലുള്ള വിശ്വാസം ഉറപ്പിക്കു വാനല്ലാതെ തെല്ലും അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാവുന്നില്ലെന്ന് കണ്ട ഖുറൈശികള്‍ മറ്റൊരു അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു.

ഖുറൈശീ പ്രമുഖരെല്ലാവരും കൂടി അക്കാലഘട്ടത്തിലെ പേരുകേട്ട സാഹിത്യ സാമ്രാട്ടായിരുന്ന വലീദ്ബ്നു മുഗീറയെ സമീപിച്ചുകൊണ്ട് ഇപ്രകാരം ആവശ്യപ്പെട്ടു മുഹമ്മദിൻ്റെ  പ്രസ്ഥാനം ദിനേനെ എന്നോണം മക്കയിലും പരിസരത്തും വ്യാപിച്ചു വരികയാണ്, അതിനെതടയിടാനായി

മുഹമ്മദ് ഒാതിക്കൊണ്ടിടുക്കുന്ന വചനങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും അവന്‍ പറയുന്നതിനെ പരാജയപ്പെടുത്തിക്കൊണ്ട് അതിനെ വെല്ലുന്ന നിലക്കുള്ളതുമായ എന്തെങ്കിലും ഒരു വചനം താങ്കള്‍ ജനങ്ങളോട് പറയണം അതിന് പ്രാപ്തനായി താങ്കളെയല്ലാതെ മറ്റാരേയും ഞങ്ങള്‍ കാണുന്നില്ല. ജനങ്ങളില്‍ അവന്‍ പറയുന്നത് ജനങ്ങളില്‍ സ്വാധീനിക്കാതിരിക്കാന്‍ ഇനി അതല്ലാത്തൊരു മാര്‍ഗ്ഗവും ഞങ്ങള്‍ കാണുന്നുമില്ല.

അന്നേരം വലീദ് തന്നെ സമീപിച്ചവരോടായി പറഞ്ഞു ഞാന്‍ എന്ത് പറയണം എന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്  പറയൂ നമുക്കൊന്നായി അത് ജനങ്ങളോട് പറയാം. അന്നേരം അവര്‍ പറഞ്ഞത്, അവന്‍ ഒരു ജോല്‍സ്യനാണ് എന്ന് പറയണം. അന്നേരം വലീദ് പറഞ്ഞു. അല്ലാഹുവാണെ അത് ശരിയല്ല. കാരണം അവന്‍ ഒരിക്കലും ജോല്‍സ്യനല്ല. ജോല്‍സ്യാരേയും ജോല്‍സ്യാരുടെ വചനങ്ങളും നന്നായി അറിയുന്നവനാണ് ഞാന്‍.

അവന്‍പറയുന്നത് അതൊന്നുമല്ല. അന്നേരം അവര്‍ പറഞ്ഞു അവന്‍ ഒരു സാഹിര്‍ (ആഭിചാരകനാണ്) എന്ന് പറയാം. അന്നേരം അയാള്‍ പറഞ്ഞു. അല്ല അവന്‍ ആഭിചാരകനുമല്ല, അവരുടെ പ്രവചനവുമല്ല അവന്‍ പറയുന്നത്.എന്നാല്‍ അവന്‍ ഭ്രാന്തനാണെന്ന് പറയാം, അന്നേരം അയാള്‍ പറഞ്ഞു ഭ്രാന്തിൻ്റെ പല ലക്ഷണങ്ങളും നാം കാണാറുണ്ട് എന്നാല്‍ അതൊന്നും അവനിലില്ല. അപ്പോള്‍ പിന്നെ നാം എന്ത് പറയും  അന്നേരം അയാള്‍ പറഞ്ഞത് അല്ലാഹുവാണെ സത്യം അവന്‍ പറയുന്ന വാക്കുകള്‍ക്ക് വല്ലാത്തൊരു മധുരമാണ് അനുഭവപ്പെടുന്നത്. അത്കൊണ്ട്  എനിക്കല്‍പ്പം സാവകാശം തരൂ ഞാനൊന്ന് ചിന്തിക്കട്ടെ എന്നു പറഞ്ഞു അയാള്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

ഒന്നാം ഹിജ്റ

 ഒന്നാം ഹിജ്റ

പ്രവാചകന്‍െറ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വിജയത്തിലേക്ക് നീങ്ങി വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

ഇത് ശത്രുക്കളില്‍ പരിഭ്രാന്തി പരത്തി. അവര്‍ പ്രവാചകപിതൃവ്യനെ കണ്ട് നബി (സ)ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞുനോക്കി

പക്ഷേ ഫലം നിരാശ മാത്രം.തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോള്‍ അവര്‍ മര്‍ദ്ദനത്തിൻ്റെ ശക്തി കൂട്ടാന്‍ തന്നെ തീ രുമാനിക്കുകയും വിശ്വാസികളെ സര്‍വ്വവിധേനെയും ഉപദ്രവിക്കുകയും ചെയ്തു. സഅദ് ബ്നു അബീവഖാസ്(റ) വിനെ അവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു.

ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) വിശുദ്ധ ഖുര്‍ആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താല്‍ക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്സീനയിലേക്ക് ഹിജ്റ പോകുവാന്‍ (പാലായനം ചെയ്യാന്‍) അനുമതിനല്‍കുകയും ചെയ്തു.

അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്ലിമല്ലാ എങ്കില്‍ പോലും ജനങ്ങളോട് നീതിയോടും ഗുണകാംക്ഷയോടും വര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്ലാമികേതര രാഷ്ട്രത്തിലും വിശ്വാസികള്‍ക്ക് മുസ്ലിമായി ജീവിക്കുന്നതിന് പ്രശ്നമൊന്നുമില്ലാ എന്ന് ഇത് വ്യക്തിമാക്കിത്തരുന്നു. അതോടൊപ്പം മതത്തെ സംരക്ഷിച്ച് അല്ലാഹുവിനെ മാത്രം ആരാധിച്ച് ഒരിടത്ത് ജീവിക്കുവാന്‍ പ്രയാസ മായി വരുമ്പോള്‍, നിര്‍ബന്ധ സാഹചര്യത്തില്‍ പോലും ശിര്‍ക്ക് ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല എന്ന് കാണാന്‍ കഴിയും. ഒന്നുകില്‍ ഹിജ്റ പോവുക അതല്ലെങ്കില്‍ അതിൻ്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുക എന്നത് മാത്രമാണ് ഇസ്ലാം തുറന്ന് വെക്കുന്ന മാര്‍ഗ്ഗം.

പ്രവാചകത്വത്തിൻ്റെ  അഞ്ചാം വര്‍ഷം റജബ് മാസത്തി ലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്. ഉഥ്മാന്‍(റ)വിൻ്റെ നേതൃത്വത്തില്‍ പന്ത്രണ്ട്  പുരുഷാരും നാല് സ്ത്രീകളു മായിരുന്നു പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്.

തങ്ങളുടെ നാട്ടില്‍ അഭയം തേടിയെത്തിയ മുസ്ലിംകള്‍ക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു.

രണ്ട് മാസത്തോളം അവിടെ താമസിച്ച വിശ്വാസികള്‍ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി.

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...