നബി(صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ)ക്ക് പ്രായം നാല്‍പ്പത് വയസ്സോടടുത്തപ്പോള്‍ അദ്ദേഹം ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുകയും നേരം പുലരുമ്പോള്‍ അവയത്രയും പകല്‍വെളിച്ചം പോലെ പുലരുന്നതായും അനുഭവപ്പെട്ടുകൊണ്ടിരുന്നു.
അതോടൊപ്പം മക്കയില്‍ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമര്‍ഷം തോന്നുകയും അതില്‍നിന്നും അത്തരം ദുര്‍വൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരില്‍ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താല്‍പ്പര്യം ജനിക്കുകയും അതിനായി മക്കയില്‍ ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ളജബല്‍ നൂര്‍ എന്ന പര്‍വ്വതമുകളിലെ ഹിറാ ഗുഹ അദ്ദേഹം കണ്ടേത്തുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അവിടെ കഴിച്ചുകൂട്ടല്‍ അദ്ദേഹത്തിൻ്റെ പതിവായിത്തീര്‍ന്നു. ഇത്രയും കാലത്തേക്ക് വേണ്ടഭക്ഷണസാധനങ്ങള്‍ നേരത്തെ തന്നെ തൻ്റെ ജീവിതപങ്കാളിയായ ഖദീജ(റ) തയ്യാറാക്കിക്കൊടുക്കും.
ചിലപ്പോള്‍ തിരിച്ചുവരുന്ന ദിവസം വൈകുമ്പോള്‍ അവര്‍ ഭക്ഷണം അങ്ങോട്ട്എത്തിച്ചുകൊടുക്കുകയും പതിവാക്കിയിരുന്നു.
അങ്ങിനെ ഒരുനാള്‍ തൻ്റെ ഏകാന്തതയെ ഭേദിച്ചുകൊണ്ട് ഗുഹാമുഖത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഭയവിഹ്വലനായി നിന്ന അദ്ദേഹത്തോട് വന്നയാള്‍ ഇഖ്റഅ് (നീ വായിക്കുക) എന്ന് പറഞ്ഞു അതുകേട്ട് എഴുത്തും വായനയും എന്തെന്ന് അറിയാത്ത പ്രവാചകന്‍ മാ അന ബിഖാരിഇന്‍(എനിക്ക് വായിക്കാനറിഞ്ഞുകൂട) എന്ന് മറുപടി പറഞ്ഞു. അന്നേരം, വന്നയാള്‍ അദ്ദേഹത്തെ ശക്തിയായി തന്നിലേക്ക് ചേര്‍ത്ത്പിടിച്ചു വിട്ടശേഷം വീണ്ടും ആദ്യ ചോദ്യവും മറുപടിയും ആവര്‍ത്തിച്ചു.
മൂന്നാം തവണ ആഗതന്‍ വിശുദ്ധ ഖുര്‍ആനിലെ 96 മത്തെ അദ്ധ്യായത്തിൻ്റെ ആദ്യഭാഗത്തുള്ള വചനങ്ങള്‍ അദ്ദേഹത്തിന് ഓതിക്കൊടുത്തു ഇഖ്റഅ് ബിസ്മി റബ്ബികല്ലദീ ഖലഖ്, ഖലഖല്‍ ഇന്‍സാന മിന്‍ അലഖ്, ഇഖ്റഅ് വറബ്ബുകല്‍ അക്റം, അല്ലദീ അല്ലമ ബില്‍ ഖലമി അല്ലമല്‍ ഇന്‍സാന മാലം യഅ്ലം.
സൃഷ്ടിച്ചവനായ നിൻ്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചി രിക്കുന്നു. നീ വായിക്കുക, നിൻ്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. അവന്‍ മനുഷ്യന് അറിയാത്തത് പഠിപ്പിച്ചിരിക്കുന്നു.
ഇതായിരുന്നു പ്രവാചകൻ്റെ നുബുവ്വത്തിന്റെ (പ്രവാചകത്വത്തിൻ്റെ) തുടക്കം.
ക്രിസ്താബ്ദം 610 ആഗസ്ത് മാസം10ന് തിങ്കളാഴ്ച, റമദാന്‍ 17 ന് ആയിരുന്നു ഇതെന്നാണ് ചരിത്ര രേഖകളില്‍ നിന്നും മനസ്സിലാകുന്ന പ്രബലമായ അഭിപ്രായം.
പ്രസ്തുത വചനങ്ങള്‍ ഓതിക്കൊടുത്ത് ആഗതന്‍ അപ്രത്യക്ഷമായി അസാധാരണമായുണ്ടയ ഈ അനുഭവം പ്രവാചകനെ പേടിപ്പെടുത്തുകയും പരിഭ്രാന്തനായി നേരെ വീട്ടിലേക്ക് ചെന്ന് ഖദീജ(റ)യോട് എനിക്ക് പുതച്ച് തരൂ എന്ന് പറയുകയും ഖദീജ(റ) അദ്ദേഹത്തെ പുതപ്പിട്ട് മൂടി ഇപ്രകാരം സമാധാനിപ്പിക്കുകയും ചെയ്തു.
ഇല്ല, അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. താങ്കള്‍ കുടും ബബന്ധം ചേര്‍ക്കുന്നു, മറ്റുള്ളവരുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥിയെ മാനിക്കുന്നു, വിപത്തുകളില്‍ സഹായം നല്‍കുന്നു ശേഷം ഭയമെല്ലാം നീങ്ങിയപ്പോള്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ(റ) ചോദിച്ചറിയുകയും നബി(സ) വിവരിച്ചുകൊടുക്കുകയും ചെയ്തു.
അന്നേരം ഇക്കാര്യത്തിൻ്റെ പൊരുളെന്തെന്ന് അറിയാനായി ഖദീജ(റ)യുടെ പിതൃവ്യ പുത്രനും വേദ പണ്‍ഢിതനുമായിരുന്ന വറഖത്തുബ്നു നൗഫല്‍ എന്ന വ്യക്തിയുടെ അടുത്തേക്ക് ഖദീജ(റ) നബി(സ)യേയും കൊണ്ട് പോകുകയും സംഭവങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. അന്നേരം അദ്ദേഹം നബി(സ)യെ സമാശ്വസിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു. നിശ്ചയം മൂസയുടെ അടുക്കല്‍ വന്ന മാലാഖയാണ് താങ്കളുടെ അടുക്കല്‍ വന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ ഭയപ്പെടേണ്ടതില്ല, സന്തോഷിക്കൂ. നിങ്ങള്‍ ഈ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്.
ശേഷം അദ്ദേഹം ഇതുംകൂടി ചേര്‍ത്ത് പറഞ്ഞു നിങ്ങളെ ഈ നാട്ടില്‍നിന്നും സമൂഹം ആട്ടിപ്പുറത്താക്കുന്ന സമയം ഞാന്‍ ഉണ്ടാകുമെങ്കില്‍, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടാ നിങ്ങളുടെ കൂടെയുണ്ടായിരിക്കും. ഇത്രയും പറഞ്ഞുകേട്ടപ്പോള്‍ നബി(സ) അല്‍ഭുതത്തോടെ ചോദിച്ചു.
ഈ ജനത എന്നെ ആട്ടിപ്പുറത്താക്കുമെന്നോ അദ്ദേഹം പറഞ്ഞു മുമ്പുകഴിഞ്ഞുപോയ എല്ലാ പ്രവാചകാരുടേയും അവസ്ഥ അപ്രകാരമായിരുന്നു.
No comments:
Post a Comment