യഥ്രിബിലേക്കുള്ള വരവേല്‍പ്പ്
പ്രവാചകന്‍(സ)യുടെ വരവും പ്രതീക്ഷിച്ച് നീണ്ട ദിവസങ്ങള്‍ കാത്തിരുന്ന യഥ്രിബ് (മദീന) നിവാസികള്‍ക്ക് ആ സുദിനം സന്തോഷത്തിൻ്റെ മുഹൂര്‍ത്തമായിരുന്നു. അവര്‍ ഉയര്‍ന്ന കുന്നിൻ്റെയും മരങ്ങളുടേയും മുകളില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചു. അറകളില്‍ നിന്നും കന്യകമാര്‍ പോലും വഴിയോരങ്ങളില്‍ കാത്ത് നിന്നു. ആവേശപൂര്‍വ്വമായ വരവേല്‍പ്പായിരുന്നു അവര്‍ പ്രവാചകന് നല്‍കിയത്. അനസ് (റ) പറയുന്നു നബി(സ) മദീനയില്‍ എത്തിയ സുദിനത്തിന് ഞാന്‍ സാക്ഷിയായിരുന്നു. അന്നത്തേക്കാള്‍ ആനന്ദവും ആമോദവും നിറഞ്ഞ ഒരു ദിനം എൻ്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഒാരോരുത്തരും പ്രവാചകന്‍ എൻ്റെ അടുക്കല്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തിലായിരുന്നു. എന്നാല്‍ പ്രവാചകന്‍ പറഞ്ഞു ഒട്ടകത്തിന് വിട്ടുകൊടുക്കുക, അത് കല്‍പ്പിക്കപ്പെട്ടതാണ്.
അങ്ങിനെ ഇന്ന് മസ്ജിദുന്നബവി നില്‍ക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. ശേഷം പ്രസ്തുത സ്ഥലത്തിനോട് ഏറ്റവും അടുത്ത വീടായ അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്ടില്‍ പ്രവാചകന്‍ (സ) താമസിച്ചു. ക്രിസ്താബ്ദം 622 സപ്തംബര്‍ 27 , റബീഉല്‍അവ്വല്‍ പന്ത്രണ്ട് വെള്ളിയാഴ്ചയായിരുന്നു പ്രസ്തുത സുദിനം. അന്നു മുതല്‍ യഥ്രിബ് മദീനത്തുര്‍റസൂല്‍ (റസൂലിൻ്റെ പട്ടണം) അത് പിന്നീട് മദീന എന്ന പേരില്‍ പ്രസിദ്ധമായി. യഥ്രിബ് എന്ന നാമം ചരിത്ര ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങുകയും ചെയ്തു .
ജീവനേക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും അധികം ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിൻ്റെ ചരിത്രമാണ് ഹിജ്റ. ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാത്യാഗത്തിൻ്റെ കഥയാണത് നമ്മെ അനുസ്മരിപ്പിക്കുന്നത്. അത് ഇസ്ലാമിക ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിൻ്റെ തുടക്കമായിരുന്നു. ഏതൊരു വിജയത്തിൻ്റെ പിന്നിലും ത്യാഗങ്ങളുടെ മാര്‍ഗ്ഗമാണ് കാണപ്പെടുക എന്ന തത്വവും ഹിജ്റ നമ്മെ ഒാര്‍മ്മപ്പെടുത്തുന്നു.
എക്കാലഘട്ടത്തിലേയും വിശ്വസികള്‍ക്ക് പാഠവും ആവേശവുമായ പ്രസ്തുത സംഭവമാണ് പില്‍ക്കാലത്ത് മുസ്ലിം കാലഗണനക്കായി ഉമര്‍ (റ)വിൻ്റെ കാലത്ത് തിരഞ്ഞെടുക്കപ്പെട്ടതും. അന്നുമുതലാണ് ഹിജ്റ കലണ്ടര്‍ കണക്കുകൂട്ടി വരുന്നതും.
മദീനയിലെത്തിയ പ്രവാചകന്‍(സ)ൻ്റെ ആദ്യ സംരംഭം മസ്ജിദുന്നബവിയുടെ നിര്‍മ്മാണമായിരുന്നു.ബനുന്നജ്ജാര്‍ ഗോത്രത്തില്‍പെട്ട സഹ്ല്, സുഹൈല്‍ എന്നീ പേരുകളിലുള്ള രണ്ട് അനാഥക്കുട്ടികളുടെ അവകാശത്തിലുണ്ടായിരുന്ന സ്ഥലം വിലക്കുവാങ്ങിയാണ് പള്ളി നിര്‍മ്മാണം നടത്തിയത്. പ്രവാചകനും അനുയായികളും ആവേശത്തോടു കൂടി അതില്‍ വ്യാപൃതരായി. പണി പൂര്‍ത്തിയായപ്പോള്‍ പ്രവാചകന് താമസിക്കാനുള്ള സൗകര്യവും പള്ളിയോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടു. അതിനു ശേഷം പ്രവാചകന്‍(സ) അബൂ അയ്യുബില്‍ അന്‍സ്വാരിയുടെ വീട്ടില്‍ നിന്നും പള്ളിയോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട ഭവനത്തിലേക്ക് താമസം മാറ്റി. മസ്ജിദുന്നബവി, അതാണ് പിന്നീട് പ്രവാചകൻ്റെ കാലഘട്ടത്തിലെ സര്‍വ്വകലാശാലയും കോടതിയും പാര്‍ലിമെന്‍റ് മന്ദിരവും അശരണരായ ആളുകള്‍ക്കുള്ളവീടും എല്ലാം എല്ലാം ആയിത്തീര്‍ന്നത്.
അവിടെവെച്ച് നിര്‍വ്വഹിക്കപ്പെടുന്ന നമസ്കാരത്തിന് (മസ്ജിദുല്‍ഹറമല്ലാത്ത) മറ്റു പള്ളികളില്‍ വെച്ച് നിര്‍വ്വഹിക്കുന്ന ആരാധനകളേക്കാള്‍ ആയിരം ഇരട്ടി പ്രതിഫലവും അല്ലാഹു നിശ്ചയിച്ചു. വീടിൻ്റെയും മറ്റും പണി പൂര്‍ത്തിയായപ്പോള്‍ പ്രവാചക പത്നി സൗദ(റ) മക്കളായ ഫാത്വിമ ഉമ്മുകുല്‍ഥൂം (റ) നബിയുടെ വളര്‍ത്തുമാതാവായ ഉമ്മു എെമന്‍, പോറ്റു മകനായ സൈദ്(റ)വിൻ്റെ മകന്‍ ഉസാമത്തുബ്നു സൈദ് എന്നിവരും നബിയോടൊപ്പം എത്തിച്ചേര്‍ന്നു.
No comments:
Post a Comment