ഹിജ്റ അഞ്ചാം വര്‍ഷം തന്നെ നടന്ന മറ്റൊരു പ്രധാന സംഭവമായിരുന്നു. ഖന്‍ദഖ് യുദ്ധം. അത് അഹ്സാബ് എന്ന പേരിലും പ്രസിദ്ധമാണ്.
ഉഹ്ദില്‍ വെച്ച് മുസ്ലിംകളോട് വീരവാദം മുഴക്കിയ അബൂസുഫ്യാന്‍ അടുത്ത കൊല്ലങ്ങളില്‍ മുസ്ലിംകളു മായുള്ള ഒരു യുദ്ധത്തിന് അവസരം ലഭിച്ചില്ലെങ്കിലും പ്രസ്തുതദുരാഗ്രഹവുമായി ജീവിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ മുസ്ലിംകളെ നശിപ്പിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന ജൂതാര്‍ ഒരു യുദ്ധത്തിനായി ആഗ്രഹിച്ചു. അത് ഖുറൈശികളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ സര്‍വ്വാത്മനാ അതിനെ സ്വാഗതം ചെയ്തു. കൂടാതെ ഗത്ഫാന്‍ ഗോത്രമുള്‍പ്പടെ മറ്റു കക്ഷികളും സഹായ വാഗ്ദാനവുമായി അവരോട് സഖ്യത്തിലേര്‍പ്പെട്ടു. അങ്ങിനെ അബൂസുഫ്യാൻ്റെ നേതൃത്വത്തില്‍ ഖുറൈശികളും മറ്റ് അറബി ഗോത്രങ്ങളും ജൂതാരുമുള്‍പ്പടെ പതിനായിരത്തോളം വരുന്ന ഒരു സൈന്യം മദീന ലക്ഷ്യം വെച്ച് പുറപ്പെട്ടു.
വിവരം മനസ്സിലാക്കിയ പ്രവാചകന്‍(സ) സ്വഹാബികളുമായി കൂടിയാലോചിച്ചു. സ്വഹാബികളുടെ അഭിപ്രായ മനുസരിച്ച് മദീനയില്‍ നിന്നും പുറത്ത് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കാതിരിക്കുതിന് മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാമെന്ന സല്‍മാനുല്‍ ഫാരിസി മുന്നോട്ട് വെച്ച പുതിയ ആശയം ശരിവെക്കപ്പെട്ടു. യുദ്ധത്തിൻ്റെ മുന്നോടിയായി പ്രവാചകന്‍(സ) അടക്കം എല്ലാവരും അണിനിരന്ന് മദീനക്ക് ചുറ്റും കിടങ്ങ് തീര്‍ത്തു. അതിനാലാണ് പ്രസ്തുത യുദ്ധം കിടങ്ങ് എന്ന അര്‍ത്ഥമുള്ള ഖന്‍ദഖ് എന്ന പേരില്‍ അറിയപ്പെടാന്‍ ഇടയായത്. വിവിധ കക്ഷികള്‍ ഉള്‍പ്പെട്ടത് എന്നിനാല്‍ അഹ്സാബ് എന്നും അറിയപ്പെട്ടു.
ശക്തമായ ദാരിദ്ര്യം കാരണത്താല്‍ പ്രവാചകന്‍ അടക്കം സ്വഹാബികളില്‍ പലരും വയറ്റത്ത് കല്ലുകള്‍ വെച്ച് കൊണ്ടായിരുന്നു പ്രസ്തുത കിടങ്ങ് കീറിയിരുന്നത് എന്നിട്ടും ഒാരോ പത്ത് പേര്‍ക്ക് നാല്‍പ്പത് മുഴം തോതില്‍ കിടങ്ങ് കുഴിക്കാന്‍ ഏല്‍പ്പിച്ചുകൊടുത്തു. എന്നതെല്ലാം പ്രതേ്യകം പ്രസ്താവ്യമാണ്.
ഈ അവസരത്തില്‍ മദീനയില്‍ മുസ്ലിംകളുമായി കരാറിലേര്‍പ്പെട്ടിരുന്ന ബനൂഖുറൈള എന്ന ജൂതഗോത്രവും കരാര്‍ ലംഘിച്ചു മുസ്ലിംകള്‍ക്കെതിരില്‍ രഹസ്യമായി സഹായിക്കാന്‍ ധാരണയിലെത്തിയിരുന്നു.
കിടങ്ങ് കണ്ട ശത്രുക്കള്‍ ദിവസങ്ങളോളം അമ്പരന്ന് നിന്നു. പിന്നീട് അസ്ത്രയുദ്ധം ചെയ്തുനോക്കി. അവസാനം വീതികുറഞ്ഞ ഭാഗം നോക്കി ചിലര്‍ തങ്ങളുടെ കുതിരകളെ എടുത്ത് ചാടിച്ചു. അവരില്‍ പ്രമുഖനായിരുന്നു അംറുബ്നു അബ്ദ് വുദ്ദ്. അയാള്‍ ബദറിലേറ്റ മുറിവ് കാരണത്താല്‍ ഉഹ്ദില്‍ പങ്കെടുക്കാന്‍ കഴിയാത്ത ദുഖം തീര്‍ക്കാന്‍ കൂടിയാണ് ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത് എന്ന അടയാളവും പേറിക്കൊണ്ടായിരുന്നു യുദ്ധത്തിന് വന്നിരുന്നത്. കിടങ്ങ് ചാടിക്കടന്ന ഉടനെ, ധൈര്യമുള്ളവര്‍ രംഗത്ത് വരട്ടെ. ആയിരം പേരെ ഞാന്‍ ഇന്ന് അരിഞ്ഞ് വീഴ്ത്തും എന്നും പറഞ്ഞായിരുന്നു അയാള്‍ രംഗത്ത് വന്നത്. ഉടനെ അലി(റ) അയാളെ നേരിടുകയും ഒരാളെ പോലും കൊലപ്പെടുത്തുന്നതിന് മുമ്പായി അയാളുടെ പണികഴിക്കുകയും ചെയ്തു. അവരിലെ ഏറ്റവും പേരെടുത്ത ഒരു കുതിരപ്പടയാളിക്ക് പറ്റിയ ഈ പതനം കണ്ട് ബാക്കിയുള്ളവരെല്ലാം ജീവനും കൊണ്ട് തടിയെടുത്തു.
കിടങ്ങ് ചാടിക്കടന്ന മറ്റൊരാളായ നൗഫല്‍ കിടങ്ങ് ചാടി തിരിച്ചോടുമ്പോള്‍ കിടങ്ങില്‍ വീണു. അന്നേരം മുസ്ലിംകള്‍ അയാളുടേയും കഥകഴിച്ചു.
ഈ അവസരത്തില്‍ അവരുടെ മൃ ശരീരങ്ങള്‍ വിട്ട് കിട്ടാന്‍ അബൂ സുഫ്യാന്‍ ഒട്ടകങ്ങള്‍ വാഗ്ദാനം ചെയ്തു. അന്നേരം പ്രവാചകന്‍(സ) അത് നിരസിച്ചുകൊണ്ട് പറഞ്ഞു കൊണ്ട്പോകൂ ശവങ്ങള്‍, ഞങ്ങള്‍ ശവം വിറ്റ് ഭക്ഷിക്കുന്ന വരല്ല. പിന്നീട് അവര്‍ വീണ്ടും അമ്പുകള്‍ വര്‍ഷിക്കാന്‍
തുടങ്ങി. മുസ്ലിംകള്‍ അതും ചെറുത്ത് തോല്‍പ്പിക്കുകയുണ്ടായി. ഇതിനിടയില്‍ മുസ്ലിം പക്ഷത്ത് കൂടിയിരുന്ന മുനാഫിഖുകള്‍ മുസ്ലിംകളെ വഞ്ചിച്ച് പിന്‍മാറിയത് മുസ്ലിംകളുടെ ശക്തി അല്‍പ്പം ക്ഷയിപ്പിച്ചു. കൂടാതെ നേരെത്തെ സൂചിപ്പിച്ച ബനൂ ഖുറൈളയുടെ കൂറുമാറ്റവും. എല്ലാം കൂടി മുസ്ലിംകള്‍ക്ക് വല്ലാത്ത ഒരു പരീക്ഷണം തന്നെയായിരുന്നു അഹ്സാബ് യുദ്ധം. അതോടൊപ്പം പട്ടിണിയും കൊടും തണുപ്പും. എങ്കിലും അവര്‍ ധീരമായി പൊരുതിക്കൊണ്ടിരുന്നു.
അതിനിടയില്‍ ശത്രുക്കളുമായി പൊരുതിക്കൊണ്ടിരിക്കുന്നതിന് പിന്‍ഭാഗത്ത് സ്ത്രീകളെയും കുട്ടികളേയും പാര്‍പ്പിച്ചിരുന്ന കോട്ടയുടെ ഭാഗത്തേക്ക് ബനൂഖുറൈളയിലെ ഭടാരില്‍ ഒരാള്‍ യുദ്ധത്തിൻ്റെ ഭാഗമായി നുഴഞ്ഞുകയറി ആക്രമിക്കാനായി രംഗത്ത് വന്നു. ഇത് കണ്ട പ്രവാചകന്‍(സ)യുടെ അമ്മായിയായ സ്വഫിയ്യ(റ) കോട്ടയുടെ ഭാഗം ശ്രദ്ധിക്കാന്‍ നിറുത്തിയിരുന്ന ഹസ്സാനുബ്നു ഥാബിത് (റ)നോട് അയാളെ വകവരുത്താന്‍ പറഞ്ഞു.
രോഗിയായിരുന്ന ഹസ്സാന്‍(റ) അത് അത്ര കാര്യമാക്കിയില്ല. അന്നേരം നോക്കിയിരിക്കാന്‍ ക്ഷമ നഷ്ടപ്പെട്ട സ്വഫിയ്യ (റ) ഒരു മരപ്പലകയുമെടുത്ത് ധൈര്യം സംഭരിച്ച് രംഗത്ത് വന്ന് അയാളെ വകവരുത്തുകയുണ്ടായി ഇങ്ങനെ എല്ലാ ഭാഗത്തിലൂടെയും മുസ്ലിംകള്‍ പരീക്ഷി ക്കപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ശത്രുപക്ഷത്തുണ്ടായിരുന്ന ഗത്വ്ഫാന്‍ ഗോത്രത്തിലെ പ്രമുഖരില്‍ ഒരാളായ നഈമ് ബ്നു മസ്ഉൗദ് നബി(സ)യുടെ അടുക്കല്‍ വന്ന് താന്‍ മുസ്ലിമായ വിവരം പ്രഖ്യാപിച്ചു. അതാകട്ടെ അയാളുടെ ഗോത്രത്തിലാരെയും അറിയിച്ചിരുന്നില്ല. അന്നേരം പ്രവാചകന്‍(സ) അത് രഹസ്യമായി സൂക്ഷിക്കാന്‍ അയാളോട് ആവശ്യപ്പെടുകയും യുദ്ധമെന്നാല്‍ ഒരര്‍ത്ഥത്തിലുള്ള വഞ്ചനയാണ് അതിനാല്‍ നിനക്ക് കഴിയുന്ന രൂപത്തില്‍ ശത്രു പാളയത്തില്‍ നിന്ന് പ്രവര്‍ത്തിക്കുക എന്ന് കല്‍പ്പിക്കുകയും ചെയ്തു.
നബി(സ)യുടെ കല്‍പ്പന അനുസരിച്ച് നഈമ് (റ) ബനൂ ഖുറൈളയേയുംഖുറൈശികളേയും ഗത്വ്ഫാന്‍കാരെയും പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടവിധം ആക്കിത്തീര്‍ക്കാനായി പ്രവര്‍ത്തിച്ചു. അതി സമര്‍ത്ഥമായ തൻ്റെ പ്രവര്‍ത്തനം വിജയിക്കുകയും ചെയ്തു. അതോടൊപ്പം പ്രവാചകനും മുസ്ലിംകളും നിരന്തരമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിച്ചു. ശത്രുക്കളില്‍ ഭീതിയുളവാകുന്ന വിധം ഒരു ഭാഗത്ത് മലക്കുകളെ ഇറക്കി സഹായിച്ചു. അതോടൊപ്പം മറ്റൊരുനിലക്ക് അതി ശക്തമായ നിലക്കുള്ള കാറ്റും അടിച്ചുവീശിക്കൊണ്ടിരുന്നു. കാറ്റ് മൂലം അവരുടെ ടെന്‍റുകള്‍ തകര്‍ന്നു. അടുപ്പത്തിരുന്ന കഞ്ഞിക്കലങ്ങള്‍ പോലും പാറിപ്പറന്നുപോയിരുന്നു എന്ന് ചരിത്രങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
അതിശക്തമായ മഴയിലും ശത്രുപാളയ ത്തില്‍ കൂട്ടക്കരച്ചിലും രോദനങ്ങളും ഉയര്‍ന്നു. അതിനിടയില്‍ വാളുകളും കുന്തങ്ങളും കൂട്ടിമുട്ടുന്ന ശബ്ദങ്ങളും. ആകെ ഭീതി നിറഞ്ഞ അന്തരീക്ഷം ശക്തമായ കൂരിരുട്ടും ഈ അവസരത്തില്‍ അവരുടെ വിവരങ്ങള്‍ കൃത്യമായി അറിയാന്‍ ആരെയെങ്കിലും പറഞ്ഞയക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചു. പക്ഷേ കൊടും തണുപ്പത്ത് ആരെ അയക്കും ഉടനെ പ്രവാചകന്‍ (സ) ഇങ്ങിനെ പറഞ്ഞു ശത്രുക്കളുടെ തമ്പില്‍ പോയി വിവരം അറിഞ്ഞു വരുന്നവന്‍ എൻ്റെ കൂടെ സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കാന്‍ ഞാനിതാ പ്രാര്‍ത്ഥിക്കുന്നു. ആരുണ്ട് പോയി വരാന്‍ ഉടനെ ഹുദൈഫത്ത് ബ്നുല്‍ യമാന്‍ (റ) അതിന് തയ്യാറായി. അദ്ദേഹം ചെന്ന് നോക്കിയപ്പോള്‍ അല്ലാഹുവിൻ്റെ സൈന്യത്തെയല്ലാതെ മറ്റാരെയും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അബൂസുഫ്യാന്‍ അന്നേരം വിളിച്ചു പറയുന്നത് കേട്ടു.
ഒാരോരുത്തരും തൻ്റെ അടുത്താരാണ് എന്ന് അറിഞ്ഞിരിക്കണം. ഉടനെ ഹുദൈഫ(റ) അടുത്തുള്ള ആളുടെ കൈ പിടിച്ച് നിങ്ങളാരാണ് എന്ന് ചോദിച്ചു എന്ന് അദ്ദേഹം പിന്നീട് പ്രവാചക സന്നിധിയില്‍ വന്ന് വിവരിച്ച കൂട്ടത്തില്‍ പറഞ്ഞത് പ്രതേ്യകം ശ്രദ്ധേയമാണ്. പിന്നീട് അബൂസുഫ്യാൻ്റെ ശബ്ദം കേട്ടത് ഇനി ഇവിടെ നില്‍ക്കുന്നത് അപകടമാണ്. കുതിരകളും ഒട്ടകങ്ങളും എല്ലാം നഷ്ടപ്പെടും അതിനാല്‍ ഉടനെ പുറപ്പെടുക. നമുക്ക് മടങ്ങാം എന്ന് വിളിച്ചു പറയുന്നതായിരുന്നു. അങ്ങിനെ രാത്രിക്ക് രാത്രി തന്നെ അവര്‍ ഒാടി രക്ഷപ്പെട്ടു. വിശ്വാസികള്‍ വിജയശ്രീലാളിതരായി അല്ലാഹുവിന് ശുക്റ് രേഖപ്പെടുത്തി മദീനയിലെ തങ്ങളുടെ താമസ സ്ഥല ത്തേക്കും മടങ്ങി.
അല്ലാഹു വിശ്വാസികളുടെ വിഷമങ്ങളും പ്രയാസങ്ങളും അതോടെ നീക്കുകയും ചെയ്തു. പ്രവാചകനും അനുയായികളും ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു മടങ്ങിയിരുന്നത്. ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍. ആയിബൂന്‍ താഇബൂന്‍ ആബിദൂന്‍ സാജിദൂന്‍ ലിറബ്ബിനാ ഹാമിദൂന്‍. ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, സ്വദഖ വഅ്ദഹു, വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്സാബ വഹ്ദഹു ഫ ലാ ശൈഅ ബഅ്ദഹു. (അല്ലാഹു ഏകനാണ്. അവനല്ലാതെ ആരാധ്യനില്ല. അവന്ന് ആരും പങ്കുകാരില്ല. അവനാണ് അധികാരങ്ങള്‍. സ്തോത്രങ്ങളും അവന്. അവന്‍ സര്‍വ്വശക്തനാണ്. റബ്ബിനെ സ്തുതിക്കുന്നവരും, ആരാധിക്കുന്നവരും, അവൻ്റെ മുന്നില്‍ മാത്രം നമിക്കുന്നവരും, പശ്ചാതാപ മനസ്കരുമായി ഞങ്ങളിതാ മടങ്ങുന്നു. അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല, അവന്‍ ഏകനാണ്. അവന്‍ വാഗ്ദത്തം പൂര്‍ത്തീകരിച്ചു, തൻ്റെ ദാസനെ അവന്‍ സഹായിച്ചു, ശേഷം ഒന്നുമില്ലാത്ത വിധം ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി). അഹ്സാബിന് ശേഷം മക്കാ വിജയം വരെ മുസ്ലിംകള്‍ക്ക് എല്ലാ നിലക്കും വിജയങ്ങളുടേയും സഹായങ്ങളുടേയും കാലമായിരുന്നു. സൂറ അഹ്സാബിലെ ദീര്‍ഘമായ ആയത്തുകള്‍ പ്രസ്തുത സംബന്ധമായി അവതരിച്ചിട്ടുള്ളതാണ്.
No comments:
Post a Comment