മുഅ്തത് യുദ്ധത്തില്‍ തങ്ങള്‍ക്ക് ഏറ്റ പരാജയത്താല്‍ ഒരു യുദ്ധത്തിന് തക്കം പാര്‍ത്ത് കാത്തിരുന്നവരായിരുന്നു റോമക്കാര്‍. ഈ സാഹചര്യത്തിലായിരുന്നു മുസ്ലിംകള്‍ മക്ക അധീനപ്പെടുത്തുകയും ഏറെ താമസിയാതെ ഹുനൈനും ത്വാഇഫുമെല്ലാം അവര്‍ക്ക് കീഴ്പ്പെടുകയും ചെയ്ത സംഭവങ്ങള്‍. ഇതില്‍ സഹികെട്ട റോമക്കാര്‍ സിറിയയില്‍ വമ്പിച്ച സന്നാഹങ്ങള്‍ ഒരുക്കി. അവര്‍ മുസ്ലിംകളെ ആക്രമിക്കാന്‍ തന്നെ തീരുമാനിച്ചു പുറപ്പെട്ടു.
വിവരമറിഞ്ഞ പ്രവാചകന്‍ (സ) ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ഈ യുദ്ധം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലായിരുന്നു എന്നത് ചരിത്രകാരാരെല്ലാം വിവരിക്കുന്നുണ്ട്. ശക്തമായ ചൂട്, വരള്‍ച്ച, ഉള്ള കായ്കനികള്‍ പഴുത്ത് പറിക്കാറയതിനാല്‍ ആളുകള്‍ക്ക് പങ്കെടുക്കാനുള്ള വൈമനസ്യം, അതിനേക്കാളെല്ലാമുപരി സാമ്പത്തിക പ്രതിസന്ധി. എന്നാലും നബി(സ) യുദ്ധത്തിന് തയ്യാറെടുക്കാന്‍ തന്നെ തീരുമാനിച്ചു.
സ്വഹാബികളോട് യുദ്ധഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സത്യത്തില്‍ ഉഥ്മാന്‍ (റ) മുന്നൂറ് ഒട്ടകങ്ങളും അതിനാവശ്യമായ എല്ലാവസ്തുക്കളും, ആയിരം ദീനാറും നല്‍കി. നബി(സ) അദ്ദേഹത്തി പ്രതേ്യകം പ്രാര്‍ത്ഥിച്ചു അതു കേട്ടപ്പോള്‍ അദ്ദേഹം പിന്നേയും പിന്നേയും നല്‍കിക്കൊണ്ടിരുന്നു. അങ്ങിനെ പണത്തിന് പുറമെ തൊള്ളായിരം ഒട്ടകങ്ങളും നൂറ് കുതിരകളും അദ്ദേഹം നല്‍കുകയുണ്ടായി എന്ന് കാണാവുന്നതാണ്. അബൂബക്കര്‍ (റ) തൻ്റെ വിഹിതം, ഒരു ചെറിയ പൊതിയുമായി വരുന്നത് കണ്ട ഉമര്‍(റ) ഇക്കാര്യത്തിലെങ്കിലും എനിക്ക് അബൂബക്കറിനെ തോല്‍പ്പിക്കണമെന്ന് കരുതി തൻ്റെ റ സ്വത്തിൻ്റെ നേര്‍ പകുതിയുമായി എത്തി.
അത് നബിയുടെ മുന്നില്‍ വെച്ചു. അന്നേരം ഇത് എത്രയുണ്ട് എന്ന് ആരാഞ്ഞപ്പോള്‍ പ്രവാചകരേ, ഞാന്‍ എൻ്റെ സ്വത്തിൻ്റെ പകുതിയിതാ
നല്‍കുന്നു എന്ന് പറഞ്ഞു.
അടുത്തത് അബൂബക്കര്‍(റ) നല്‍കുന്നത് കാണാന്‍ ആകാംക്ഷയോടെ നില്‍ക്കുന്ന ഉമര്‍(റ), ഒരു ചെറിയ പൊതി അബൂബക്കര്‍(റ) നബി (സ)ക്ക് നേരെനീട്ടുന്നതാണ് കണ്ടത്. അന്നേരം അദ്ദേഹത്തോട് ഇനി എന്താണ് ബാക്കിയുള്ളത് എന്ന് ചോദിച്ചപ്പോള്‍ നബിയേ, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസം അത് മാത്രമാണ് ഇനി ബാക്കിയുള്ളത് എൻ്റെ സ്വത്ത് മുഴുവനുമാണ് ഞാനീ കൊണ്ട്വന്നിരിക്കുന്നത്. ഇത് കേട്ട ഉമര്‍(റ) പറഞ്ഞുപോയി ഇല്ല, അബൂബക്കറേ, ദുനിയാവില്‍ താങ്കളെ കവച്ചുവെക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല.
അപ്രകാരം തന്നെ ഒരു നിലക്കും സ്വന്തമായി വാഹനമൊരുക്കി യുദ്ധത്തിന് പോകാന്‍ കഴിയാത്തവര്‍ പ്രവാചകന്‍ (സ)യുടെ അടുക്കല്‍ വന്ന് യുദ്ധഫണ്ടില്‍ നിന്നും വാഹനം നല്‍കി സഹായിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവാചകൻ്റെ അടുക്കല്‍ എത്തിയപ്പോള്‍ നബിക്കും അവരെ സഹായിക്കാനായില്ല. അന്നേരം എങ്കില്‍ രക്ഷപ്പെട്ടു എന്ന ആശ്വാസവുമായി മടങ്ങിയിരിക്കും എന്നായിരിക്കും വായനക്കാര്‍ കരുതുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി. അല്ലാഹു ആ രംഗം ലോകരെ മുഴുവന്‍ അറിയിക്കുന്നത് നമുക്ക് വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഇപ്രകാരം മനസ്സിലാക്കാം.
(യുദ്ധത്തിന് പോകാന്‍) നീ അവര്‍ക്ക് വാഹനം നല്‍കുന്നതിനു വേണ്ടി അവര്‍ നിൻ്റെ അടുത്ത് വന്നപ്പോള്‍ നീ പറഞ്ഞു നിങ്ങള്‍ക്കു നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടത്തുന്നില്ല. അങ്ങനെ (യുദ്ധത്തിനുവേണ്ടി) ചെലവഴിക്കാന്‍ യാതൊന്നും കണ്ടത്താത്തതിൻ്റെ പേരിലുള്ള ദുഖത്താല്‍ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട് അവര്‍ തിരിച്ചുപോയി. (തൗബ ) എന്നാല്‍ സങ്കടവും കരച്ചിലും കണ്ടപ്പോള്‍ അവരെ അബ്ബാസ്, ഉഥ്മാന്‍, യാമീനുബ്നു അംറ്(റ) എന്നിവര്‍ വാഹനം നല്‍കി സഹായിക്കുകയുണ്ടായി. രണ്ടും മൂന്നും ആളുകള്‍ മാറിമാറിയായിരുന്നു ഒരു ഒട്ടക പ്പുറത്ത് യാത്ര ചെയ്തിരുന്നത് എന്നത് ഈ യുദ്ധത്തിൻ്റെറ പ്രയാസകരമായ അവസ്ഥയെയാണ് നമുക്ക് വിവരിച്ചു തരുന്നത്.
കൂടാതെ മുനാഫിഖുകള്‍ ശക്തമായ ദുഷ്പ്ര ചരണങ്ങളും റോമക്കാരെക്കുറിച്ച് പേടിപ്പെടുത്തലുകളുമായി മുസ്ലിംകളെ പിന്തിരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും മുപ്പതിനായിരത്തോളം വരുന്ന സൈന്യവുമായി നബി(സ) തബൂക്കിലേക്ക് പുറപ്പെട്ടു. ഹിജ്റ ഒമ്പതാം വര്‍ഷം റജബ് മാസത്തിലായിരുന്നു ഇത്. നബി(സ)യും സ്വഹാബികളും തബൂക്കില്‍ ഇറങ്ങി താവളമടിച്ചു. അനന്തരം ശത്രുക്കളോട് ഏറ്റുമുട്ടുന്നതിന് ആ വേശമുണ്ടാകുന്നതിന് വേണ്ടി പ്രവാചകന്‍ (സ) എെഹിക ജീവിതത്തിൻ്റെ നിസ്സാരതയും രക്തസാക്ഷിത്വത്തിൻ്റെ മഹത്വവും പരലോകത്തിൻ്റെ അനശ്വരതയുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തുകയുണ്ടായി . ഇത് കേട്ട റോമന്‍ പട്ടാളക്കാര്‍ ഭയന്ന് വിറക്കാന്‍ തുടങ്ങി.
അവര്‍ക്ക് അധികമൊന്നും ആ അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അവര്‍ പിന്തിരിഞ്ഞു ഒടാന്‍ തുടങ്ങി. അങ്ങിനെ ഒരു ഏറ്റുമുട്ടലിന് മുമ്പായിത്തന്നെ റോമക്കാര്‍ തോറ്റോടുകയാണുണ്ടായത്.
നബി(സ)യും അനുയായികളും രണ്ടാഴ്ചയോളം തബൂക്കില്‍ താമസിച്ചു. അതിനിടയില്‍ അയ്ല, അദ്റഹ്, ജര്‍ബാഹ് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളെല്ലാം നബി(സ)യുമായി സന്ധിയിലേര്‍പ്പെടുകയും സമാധാനക്കരാര്‍ കൈമാറുകയും ചെയ്തു. തബൂക്ക്യുദ്ധത്തോടു കൂടി മുസ്ലിംകളുടെ ശക്തിയും ആധിപത്യവും ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്തതാണ് എന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുകയും ചെയ്തു. ഇത് പ്രവാചകന്‍(സ)യുടെ ജീവിതത്തിലെ അവസാനത്തെ യുദ്ധവുമായിരുന്നു. നബി(സ)യും അനുയായികളും തബൂക്കിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കെ ചിലര്‍ പറഞ്ഞു നബിയേ, പലരും കാരണമില്ലാതെ യുദ്ധത്തില്‍ പിന്നും വിട്ടുനിന്നിട്ടുണ്ട്. അന്നേരം പ്രവാചകന്‍(സ) പറഞ്ഞു അത് വിട്ടേക്കുക. അവരില്‍ അല്ലാഹുന ഉദ്ദേശിച്ചവര്‍ നിങ്ങളോടൊപ്പം എത്തിച്ചേക്കും, അല്ലാത്തവരില്‍ നിന്നും അല്ലാഹു നിങ്ങളേയും രക്ഷപ്പെടുത്തും.
ഉടനെ ജനങ്ങളില്‍ ചിലര്‍ പറഞ്ഞു നബിയേ, വാഹന പ്രശ്നം കാരണത്താല്‍ അബൂദര്‍റ്(റ)വും എത്തിച്ചേര്‍ന്നിട്ടില്ല. നബി(സ) നേരത്തെ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചു. എന്നാല്‍ അബൂദര്‍റ് തൻ്റെ വാഹനം നടക്കാതെയായപ്പോള്‍ അതിനെ ഉപേക്ഷിച്ച് അതിൻ്റെ പുറത്തുണ്ടായിരുന്ന തൻ്റെ ഭക്ഷണവും മറ്റു വസ്തുക്കളുമെല്ലാം തലയില്‍ ചുമന്നുകൊണ്ട് തബൂകിന് നേരെ നടന്നു. അങ്ങിനെ അകലെനിന്നും ഒരാള്‍ നടന്നുവരുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു കുന്‍ അബാദര്‍റ് (നീ അബൂദര്‍റ് ആവുക) അടുത്ത് വന്നപ്പോള്‍ അത് അബൂദര്‍റ് തന്നെയായിരുന്നു. നബി(സ) അദ്ദേഹത്തെ കണ്ടപ്പോള്‍ യര്‍ഹമുല്ലാഹു അബാദര്‍റ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു വ യ ബ്അഥു വഹ്ദഹു. (അല്ലാഹു അബൂദര്‍റിന് കരുണ ചൊരിയട്ടെ. അദ്ദേഹം ഒറ്റക്ക് നടന്നു. ഇനി ഒറ്റക്ക് മരണപ്പെടുകയും, ഒറ്റക്ക് പുനര്‍ജനിക്കുകയും ചെയ്യും) (സീ റത്തുന്നബവിയ്യ ഡോ മുഹമ്മദ് അബൂ ശഹ്ബ). എന്ന് പറഞ്ഞു.
ഉഥ്മാന്‍(റ)ൻ്റെ കാലത്ത് അദ്ദേഹം റബ്ദയിലേക്ക് താമസം മാറ്റുകയും മരണം വരെ തൻ്റെ ഭാര്യ യോടും ഭൃത്യനോടുമൊപ്പം കഴിച്ചുകൂട്ടുകയും ചെയ്തു. അദ്ദേഹം തൻ്റെ മരണമാസന്നമായപ്പോള്‍ ഭാര്യയോടും ഭൃത്യനോടുമായി പറഞ്ഞു ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ രണ്ട്പേരും കൂടി എന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്ത ശേഷം വഴിയോരത്തായി കൊണ്ട്പോയി വെക്കുക. യാത്രാസംഘം പോകുന്നതായി കണ്ടാല്‍ ഇത് റസൂലിൻ്റെ സ്വഹാബി അബൂദര്‍റിൻ്റെ മയ്യത്താണ്എന്ന് പറയുക പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചു.
അതുവഴി ഒരു സംഘത്തോടൊപ്പം വന്ന ഇബ്നുമസ്ഉൗദ് (റ) എന്താണ് എന്ന് അനേ്വഷിക്കുകയും അവര്‍ വിഷയം പറയുകയും ചെയ്തു. അന്നേരം അദ്ദേഹം യര്‍ഹമുല്ലാ ഹു അബാ ദര്‍റ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു . . . . പ്രവാചക വചനം അനുസ്മരിക്കുകയും, അദ്ദേഹം അവിടെ ഇറങ്ങി അബൂദര്‍റ് (റ) വിൻ്റെ മയ്യത്ത് ഖബറടക്കുകയും ചെയ്തു. അങ്ങിനെ പ്രവാചകൻ്റെ പ്രവചനം പുലരുകയും ചെയ്തു.
നബി(സ)യും അനുയായികളും തബൂക്കില്‍ നിന്നും വിജയശ്രീലാളിതരായി മടങ്ങിയെത്തി. ഹിജ്റ ഒമ്പത് റമദാന്‍ മാസത്തിലായിരുന്നു അത്. ശേഷം പ്രവാചകന്‍ (സ) മദീനാ പള്ളിയില്‍ സ്വഹാബികളുമായി കഴിഞ്ഞുകൂടവെ യുദ്ധത്തില്‍ പലരും വന്ന് കാരണങ്ങള്‍ ബോധിപ്പിച്ചു. നബി (സ) അതെല്ലാം അംഗീകരിക്കുകയും ചെയ്തു. പലരും കളവ് പറഞ്ഞു രക്ഷപ്പെട്ടു. എന്നാല്‍ വിശ്വാസികളില്‍ പെട്ട മൂന്ന് പേര്‍, കഅബ് ബ്നു മാലിക്, മുറാറത്തു ബ്നു റബീഅ, ഹിലാലു ബ്നു ഉമയ്യ എന്നിവര്‍ക്ക് കാരണങ്ങളൊന്നും നിരത്താനുണ്ടായിരുന്നില്ല അവര്‍ കളവ് പറയുവാന്‍ തയ്യാറായതുമില്ല. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ആകാം ഇനിയും സമയമുണ്ടല്ലൊ എന്ന അലംഭാവ മനസ്സ് മാത്രമായിരുന്നു അവരെ തടഞ്ഞത്. നബി(സ) അവരോട് എല്ലാ നിലക്കുമുള്ള ബഹിഷ്കരണം ഏര്‍പ്പെടുത്തി. വിശ്വാസികളോട് അവരോട് സംസാരിക്കാന്‍ പോലും പാടില്ല എന്നു വിലക്കി. അവരുടെ ഭാര്യമാരോട് അല്ലാഹു അവരുടെ വിഷയത്തില്‍ ഒരു തീരുമാനം അറ യിക്കുന്നത് വരെ വിട്ടു നില്‍ക്കണമെന്ന് അറിയിച്ചു. അങ്ങിനെ അമ്പത് ദിവസം അവര്‍ ഭൂമിയില്‍ തികച്ചും നരക യാതന അനുഭവിച്ച് കഴിഞ്ഞു കൂടേണ്ടി വന്നു. അവസാനം അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. അത് അവരുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസമായിരുന്നു എന്ന് അവര്‍ പിന്നീട് പറഞ്ഞിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത മൂന്ന് പേരുടെ തൗബ സ്വീകരിച്ചത് അടക്കം തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട അനേക വിഷയങ്ങള്‍ സൂറത്ത് തൗബയിലൂടെ വിശദീരിക്കുന്നുണ്ട്.
No comments:
Post a Comment